എം.വി. ശ്രേയാംസ് കുമാർ എം.പി. | Photo: P. Krishna Predeepമാതൃഭൂമി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി. ചട്ടത്തിനെതിരേ എം.വി. ശ്രേയാംസ്കുമാര്‍ എം.പി. സമര്‍പ്പിച്ച നിരാകരണ പ്രമേയത്തിനു രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യാ നായിഡു അനുമതി നല്കി.
വളരെ അപൂര്‍വമായാണ് നിരാകരണ പ്രമേയം അവതരിപ്പിക്കാന്‍ പാര്‍ലമെന്റില്‍ അനുമതി ലഭിക്കുന്നത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ വളരെക്കുറച്ച് നിരാകരണ പ്രമേയങ്ങള്‍ക്കേ രാജ്യസഭയില്‍ അവതരണാനുമതി ലഭിച്ചിട്ടുള്ളൂ.
എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി ചട്ടത്തിനെതിരേ 2010-ല്‍ മുന്‍ എം.പി.യും നിലവിലെ കേരളാ വിദ്യാഭ്യാസ മന്ത്രിയുമായ കെ.എന്‍. ബാലഗോപാലിന്റെ പ്രമേയത്തിനാണ് ഏറ്റവും ഒടുവില്‍ അനുമതി ലഭിച്ചത്. നിരാകരണ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ അതില്‍ ചര്‍ച്ച നടത്തണമെന്നാണ് സഭാ നിയമം. രാജ്യസഭ പ്രമേയം പാസാക്കിയാൽ ലോക്സഭയിലും പ്രമേയം ചർച്ചയ്ക്കെത്തും.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, സുഹൃദ് ബന്ധമുള്ള വിദേശരാജ്യങ്ങള്‍, പൊതുക്രമം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം തുടങ്ങിയവുമായി ബന്ധപ്പെട്ട പരാതികളില്‍ അതിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കണം. അധികാരികളുടെ നിര്‍ദേശം ലഭിച്ചാല്‍ ഇത്തരം ഉള്ളടക്കങ്ങള്‍ 36 മണിക്കൂറിനകം നീക്കണമെന്നും ചട്ടത്തില്‍ പറയുന്നു.
ഐ.ടി. ചട്ടത്തെ ചോദ്യം ചെയ്ത് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(പി.ടി.ഐ.) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പി.ടി.ഐ.യുടെ ബോര്‍ഡംഗമാണ് ശ്രേയാംസ്കുമാര്‍ എം.പി.
സാമൂഹിക മാധ്യമങ്ങളെ ലക്ഷ്യമിട്ടാണ് വിവരസാങ്കേതികവിദ്യാ ചട്ടം നടപ്പാക്കിയിരിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പരമ്പരാഗത മാധ്യമങ്ങളെക്കൂടി ഇത് ബാധിക്കുമെന്ന് എം.വി. ശ്രേയാംസ്കുമാര്‍ എം.പി. പറഞ്ഞു. ചട്ടപ്രകാരം കേന്ദ്രസര്‍ക്കാരിനു കീഴിലെ ജോയിന്റ് സെക്രട്ടറിക്ക് വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Statutory motion moved against IT intermediary rules
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..