ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ തീരംതൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ബുധനാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കാരയ്ക്കലിനും മാമല്ലപുരത്തിനുമിടെ അതിതീവ്ര ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. 

തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 100 - 110 കിലോമീറ്റര്‍ വേഗത്തിലുള്ള ചുഴലിക്കാറ്റ് 120 കിലോമീറ്റര്‍ വേഗം പ്രാപിച്ചതായി ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ചൊവ്വാഴ്ച അറിയിച്ചിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് സംഘങ്ങള്‍ കടലൂരിലും രണ്ട് സംഘങ്ങള്‍ പുതുച്ചേരിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തമിഴ്‌നാട് റെയില്‍വെ പോലീസിന്റെ രക്ഷാപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ധരെയും തീരപ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 12 സംഘങ്ങളെയും പുതുച്ചേരിയില്‍ രണ്ട് സംഘങ്ങളെയുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ധരെയും രക്ഷാപ്രവര്‍ത്തനത്തിനായി ചെന്നൈയില്‍ വിന്യലിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു. 

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച വരെയാണ് പുതുച്ചേരിയില്‍ 144 പ്രഖ്യാപിച്ചിട്ടുള്ളത്. നാലു പേരില്‍ക്കൂടുതല്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. അതിനിടെ, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ തീരം തൊടുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തലസ്ഥലത്തുനിന്നും നേരത്തെതന്നെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങിയിരുന്നു. 24 ട്രെയിന്‍ സര്‍വീസുകളും ഏഴ് ജില്ലകളില്‍ ബസ് സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്.

Content Highlights: Statewide public holiday declared in Tamil Nadu tomorrow ahead of Cyclone Nivar