ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗ്ഗരേഖ സുപ്രീംകോടതിക്ക് കൈമാറി. 

കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പുറത്തിറക്കിയ മാര്‍ഗ്ഗരേഖ പ്രകാരം കോവിഡ് കാരണം മരണം എന്ന് രേഖപെടുത്തിയ മരണങ്ങള്‍ക്ക് മാത്രമേ സഹായം ലഭിക്കൂ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മരണപ്പെട്ടവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന കോവിഡ് മരണങ്ങള്‍ക്കും ഈ മാര്‍ഗരേഖ പ്രകാരം നഷ്ടപരിഹാരം നല്‍കും

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള മാര്‍ഗ്ഗരേഖ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയത്. 

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് സഹായം നല്‍കുന്നതിനുള്ള തുക വിതരണം ചെയ്യേണ്ടത്. സംസ്ഥാന അതോറിറ്റി തയ്യാറാക്കിയ ഫോമിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ജില്ലാ ദുരന്ത നിവാരണ ആതോറിറ്റി പരിശോധിക്കും. അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും മാര്‍ഗ്ഗ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സാമ്പത്തിക സഹായം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അകൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. മരണ സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് എന്ന് രേഘപെടുത്താത്തതില്‍ തര്‍ക്കമുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ സമിതി രൂപീകരിക്കണമെന്നും മാര്‍ഗ്ഗ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അഡീഷണല്‍ ജില്ലാ കളക്ടര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ അടങ്ങുന്നതാണ് സമിതി. സമിതിയുടെ കണ്ടെത്തല്‍ പരാതിക്കാരന് അനുകൂലമല്ലെങ്കില്‍ കൃത്യമായ കാരണം പരാതിക്കാരനെ ബോധിപ്പിക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

Content Highlights: States To Provide ₹ 50,000 Compensation For Each Covid Death: Centre