ന്യൂഡല്‍ഹി: കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിന് വീഴ്ചപറ്റിയെന്ന വിമര്‍ശത്തിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രംഗത്ത്. കോവിഡില്‍ രാഷ്ട്രീയം കാണരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ എന്തെങ്കിലും വിജയമുണ്ടായാല്‍ സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരും നേട്ടം അവകാശപ്പെടുകയും, എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അത് പ്രധാനമന്ത്രിയുടെ പരാജയമായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 

'നല്ലത് സംഭവിക്കുമ്പോഴെല്ലാം, സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരും ക്രെഡിറ്റ് ഏറ്റെടുക്കുന്നു, പക്ഷേ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അത് പ്രധാനമന്ത്രി മോദിയുടെ പരാജയം എന്ന് പറയുന്നു. പക്ഷെ ഇതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. പ്രധാനമന്ത്രി മോദിയും ഞാനും എല്ലായ്‌പ്പോഴും സംസ്ഥാനങ്ങളെയും മുഖ്യമന്ത്രിമാരെയും അവരുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചിട്ടെയുള്ളു. ഈ മഹാമാരിക്കിടയില്‍ രാഷ്ട്രീയം കളിക്കരുത്'' - മാണ്ഡവ്യ പറഞ്ഞു.

ഈ പ്രതിസന്ധി രാഷ്ട്രീയം പറയുന്നതിനുള്ള അവസരമാക്കി മാറ്റരുതെന്ന് സര്‍ക്കാര്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ഒരു പടി മുന്നോട്ട് വയ്ക്കുമ്പോള്‍ രാജ്യത്തിനും 130 കോടി ചുവടുകളിലൂടെ മുന്നേറാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിട്ടുണ്ട്.

കോവിഡ് പോരാളികളെ പ്രോത്സാഹിപ്പിക്കാനാണ് പ്രധാനമന്ത്രി പാത്രം കൊണ്ടാന്‍ ആഹ്വാനം ചെയ്തത്. റോഡില്‍ നില്‍ക്കുന്ന പോലീസുകാര്‍ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്തത്. ആരോഗ്യ പ്രവര്‍ത്തകരോടുള്ള ബഹുമാനാര്‍ഥമാണ് അത് ചെയ്തത്. മൂന്നാം തരംഗം രാജ്യത്ത് നാശം വിതയ്ക്കാതിരിക്കാന്‍ എല്ലാവരും കൂട്ടായ തീരുമാനമെടുക്കണം.

ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതും നടപ്പാക്കേണ്ടതുമായ കാര്യങ്ങള്‍ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. രാഷ്ട്രീയം പറയാന്‍ താത്പര്യമില്ല, പക്ഷേ പല സംസ്ഥാനങ്ങളിലും 10-15 ലക്ഷം ഡോസ് വാക്‌സിനുകള്‍ ഉണ്ട്. അതിന്റെ രേഖയുണ്ട്‌. കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന് പറയുന്നത് ഉചിതമല്ലന്നും അദ്ദേഹം പറഞ്ഞു.

Content Highlights: States, CMs take credit for achievements, PM Modi blamed for failures