ന്യൂഡല്‍ഹി: രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ മദ്യത്തിനും ബീഫിനും നിയന്ത്രണവും നിരോധനവും വരുന്നതിനെ വിമര്‍ശിച്ച് നീതി ആയോഗ് സി.ഇ.ഒയും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമായ ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിതാഭ് കാന്ത്. 

വിനോദസഞ്ചാരികള്‍ എന്ത് കുടിക്കണം കഴിക്കണം എന്നൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച ചടങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനോദസഞ്ചാരികള്‍ തിന്നുന്നതിലും കുടിക്കുന്നതുമൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടേണ്ട കാര്യമല്ല. എന്ത് കഴിക്കണം എന്ത് കുടിക്കണം എന്നതെല്ലാം ഒരാളുടെ വ്യക്തിപരമായ തീരുമാനങ്ങളാണ്. 

വിനോദസഞ്ചാരികളെ ആകര്‍ഷികണമെങ്കില്‍ അതിനനുസരിച്ച് നമ്മളും പുരോഗമിക്കേണ്ടതുണ്ട്. നാട് മൊത്തം മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിട്ട്  നമുക്ക് മഹത്തരമായ പൈതൃക കേന്ദ്രങ്ങളുണ്ടെന്ന് വാദിച്ചിട്ട് കാര്യമില്ല. 

ബീഫും മദ്യവും നിരോധിക്കുന്ന സംസ്ഥാനങ്ങള്‍ ഈ കാര്യത്തില്‍ ദുബായ് സ്വീകരിച്ച വിവേകപൂര്‍ണമായ നിലപാട് തിരിച്ചറിയാന്‍ സാധിക്കാത്തവരാണെന്ന് അമിതാഭ് കാന്ത് കുറ്റപ്പെടുത്തി. വിനോദസഞ്ചാരികളെ ആവശ്യമുള്ള ഒരു രാജ്യം അവര്‍ക്കാവശ്യമായ എല്ലാം സൗകര്യങ്ങളും ഒരുക്കുകയാണ് ചെയ്യേണ്ടത്. 

വിനോദസഞ്ചാരരംഗത്ത് മുന്നേറണമെങ്കില്‍ പരിസരശുചിത്വത്തിലാണ് ഇന്ത്യക്കാര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ടൂറിസ്റ്റുകള്‍ക്ക് സംതൃപ്തി സമ്മാനിക്കാന്‍ സാധിക്കുക എന്നതാണ് അടുത്ത കാര്യം.

അതേസമയം ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ തലപ്പത്തുള്ളവരെ ബോധിപ്പാക്കാന്‍ ശ്രമിക്കാറുണ്ടോ എന്ന ചോദ്യത്തിന് രാജ്യത്തെ വിനോദസഞ്ചാരികള്‍ക്കായി താന്‍ ഇക്കാര്യം എപ്പോഴും പറയാറുണ്ട് എന്നായിരുന്നു അമിതാഭ് കാന്തിന്റെ മറുപടി. 

വൈകുന്നേരം ഒന്ന് റിലാക്‌സായി  അല്‍പം മദ്യം കഴിക്കാനുള്ള സാഹചര്യം വിനോദസഞ്ചാരികള്‍ പലരും ആഗ്രഹിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് കൊണ്ട് തന്നെ അത് നമുക്ക് ഒരുക്കാവുന്നതേയുള്ളൂ - അദ്ദേഹം ചൂണ്ടിക്കാട്ടി. 

മധ്യപ്രദേശ്, ചത്തീസ്ഗഢ്, ദാമന്‍ ദിയു തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും മദ്യനിരോധനം നടപ്പാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കുന്നതിനിടെയാണ് അമിതാഭ് കാന്തിന്റെ ഈ വിമര്‍ശനം. 

നിലവില്‍ ഗുജറാത്ത്, ബീഹാര്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ മദ്യനിരോധനം നിലവിലുണ്ട്. തമിഴ്‌നാടും കേരളവുമടക്കമുള്ള സംസ്ഥാനങ്ങളില്‍ മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. 

1980 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് തലശ്ശേരി സബ് കളക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടൂറിസം ഡയറക്ടറായിരിക്കുന്ന കാലത്ത് അദ്ദേഹവും ജയകുമാര്‍ ഐഎഎസും ചേര്‍ന്നാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് ടാഗ് ലൈന്‍ കേരളത്തിനായി സൃഷ്ടിച്ചെടുത്തത്. 

കോഴിക്കോടിന്റെ ജനപ്രിയ കളക്ടര്‍മാരിലൊരാളായി വിലയിരുത്തപ്പെടുന്ന അമിതാഭ് കാന്താണ് മാനാഞ്ചിറ സ്‌ക്വയര്‍ ഇന്ന് കാണുന്ന രീതിയില്‍ വികസിപ്പിക്കുന്നതിനും നഗരപാതകള്‍ പലതും വീതി കൂട്ടുന്നതിനും നേതൃത്വം നല്‍കിയത്. 

പിന്‍ക്കാലത്ത് കേന്ദ്രസര്‍വ്വീസിലെത്തിയ അമിതാഭ് കാന്താണ് രാജ്യത്തിന്റെ അഭിമാനപദ്ധതികളായ മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഇന്‍ക്രഡിബിള്‍ ഇന്ത്യ തുടങ്ങിയവയുടെ ആസൂത്രകന്‍.