ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇതുവരെ ലഭിച്ചത് 15 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍. ഇതില്‍ 14 കോടിയിലധികം ഡോസുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞു. 

തിങ്കളാഴ്ച വരെയുളള കണക്കുപ്രക്രാരം ആകെ നൽകിയ 15,53,11,140 ഡോസുകളില്‍ 14,42,76,074 ഡോസ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. സംസ്ഥാനങ്ങളുടെ കൈവശം ഇനി സ്റ്റോക്കുളളത് 1,10,35,066 ഡോസ് മാത്രമാണ്. 97,05,000 ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ വിതരണം ചെയ്യും. 

ലഭിച്ച വാക്‌സിന്‍ ഡോസുകളില്‍ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ പാഴാക്കി കളഞ്ഞത് മണിപ്പൂരാണ്. 8.4ശതമാനം വാക്‌സിന്‍ മണിപ്പൂര്‍ പാഴാക്കി. തമിഴ്‌നാടാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ 8.03 ശതമാനം പാഴാക്കി. വാക്‌സിന്‍ ഒട്ടും പാഴാക്കാത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. 

കേരളത്തിന് 70,02,790 ഡോസുകള്‍ ലഭിച്ചു. ഇതില്‍ 6,847,062 ഡോസുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. ബാക്കിയുളളത് 1,55,728 ഡോസുകളാണ്. 3,20,000 ഡോസുകള്‍ കൂടി കേരളത്തിന് നല്‍കാനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 

മെയ് ഒന്നിനാണ് വാക്‌സിനേഷന്റെ മൂന്നാംഘട്ടം ആരംഭിക്കുന്നത്. മെയ് ഒന്നുമുതല്‍ 18-44നും ഇടയില്‍ പ്രായമുളളവര്‍ക്ക് വാക്‌സിന്‍ ലഭിക്കും. എന്നാല്‍ മൂന്നാംഘട്ട വാക്‌സിനേഷന്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആശങ്കകളുണ്ട്. പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനാല്‍ മൂന്നാംഘട്ട വാക്‌സിനേഷന്‍ യജ്ഞം എങ്ങനെ ആരംഭിക്കാനാകുമെന്ന സംശയത്തിലാണ് സംസ്ഥാനങ്ങള്‍. രാജസ്ഥാനും പഞ്ചാബും വാക്‌സിനേഷന്‍ യജ്ഞം ആരംഭിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ തങ്ങളുടെ പക്കലുളള സ്റ്റോക്ക് ഉപയോഗിച്ച് മൂന്നാംഘട്ടം ആരംഭിക്കുമെന്നും വ്യക്തമാക്കി. 

Content Highlights: States and UTs received over 155million doses of Covid-19 vaccines