ന്യൂഡല്‍ഹി: അനന്ത് കുമാര്‍ ഹെഗ്‌ഡെ, പ്രജ്ഞാ സിങ് ഠാക്കൂര്‍, നളിന്‍ കട്ടീല്‍ എന്നിവരുടെ ഗോഡ്‌സെ അനുകൂല പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും ബി ജെ പിക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. അവര്‍ പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞിട്ടുണ്ട്. നേതാക്കളുടെ പ്രസ്താവനകളെ ബി ജെ പി ഗൗരവത്തോടെയാണ് കാണുന്നതെന്നും അവ അച്ചടക്ക കമ്മറ്റിക്ക് അയച്ചിട്ടുണ്ടെന്നും അമിത് ഷാ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു.
അച്ചടക്ക സമിതി മൂന്നുനേതാക്കളോടും വിശദീകരണം ആവശ്യപ്പെടും. സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പത്തുദിവസത്തിനുള്ളില്‍ അച്ചടക്കസമിതി പാര്‍ട്ടിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍നിന്നുള്ള കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ, ഭോപ്പാലിലെ ബി ജെ പി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂര്‍, കര്‍ണാടകയില്‍നിന്നുള്ള ബി ജെ പി എം പി നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ നടത്തിയ ഗോഡ്‌സെ അനുകൂല പ്രസ്താവനകള്‍ വലിയ വിവാദമാണ് വഴിവെച്ചത്.
BJP President Amit Shah: The disciplinary committee will seek explanation from all the three leaders and will submit the report to the party within 10 days https://t.co/oQ8FyQsgSq
— ANI (@ANI) May 17, 2019
ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ പ്രസ്താവന നടത്തിയിരുന്നു. കമല്‍ഹാസന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരണം ചോദിച്ചപ്പോള്‍, ഗോഡ്‌സെ ദേശ സ്‌നേഹിയെന്നായിരുന്നു പ്രജ്ഞയുടെ മറുപടി. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ പ്രജ്ഞ പരാമര്‍ശം മാറ്റിപ്പറഞ്ഞു.
എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാഹചര്യങ്ങള്‍ മാറിയിട്ടും വിഷയം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു ഹെഗ്‌ഡെയുടെ ട്വീറ്റ്. ഇഷ്ടപ്പെടാത്തവരെ കൂടി കേള്‍ക്കാനുള്ള നല്ലൊരു അവസരമാണിതെന്നും ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതില്‍ ഗോഡ്‌സെ സന്തോഷവാനായിരിക്കുമെന്നും ഹെഗ്‌ഡെ ട്വീറ്റില്‍ പറഞ്ഞിരുന്നു. അതേസമയം മണിക്കൂറുകള്‍ക്കകം ട്വീറ്റ് ഡിലീറ്റ് ചെയ്ത ഹെഗ്‌ഡെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി രംഗത്തെത്തി.
ഗോഡ്‌സെ ഒരാളെ കൊലപ്പെടുത്തി. കസബ് 72പേരെ കൊലപ്പെടുത്തി. രാജീവ് ഗാന്ധി 17000 പേരെ കൊലപ്പെടുത്തി. ഇതില്‍ ആരാണ് കൂടുതല്‍ ക്രൂരനെന്ന് നിങ്ങള്‍ വിലയിരുത്തു-എന്നായിരുന്നു നളിന്‍ കുമാര്‍ കട്ടീല്‍ ട്വീറ്റില്‍ കുറിച്ചത്.
content highlights: Statements of Ananthkumar Hegde, Pragya Thakur and Nalin Kateel are their personal opinion says amit shah