പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്| Photo: ANI
ചണ്ഡീഗഢ്: കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനം വന്‍വിവാദത്തിലേക്ക്. തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖറും രണ്ട് എം.എല്‍.എമാരും രംഗത്തെത്തി. സംസ്ഥാന കോണ്‍ഗ്രസിലെ ഭിന്നതകള്‍ കൊണ്ട് വലയുന്ന മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന് ഈ വിവാദം വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
അതേസമയം തീരുമാനം പിന്‍വലിക്കാനാകില്ലെന്നും കുടുംബങ്ങള്‍ ചെയ്ത ത്യാഗത്തിനുള്ള പ്രതിഫലമെന്ന നിലയിലാണ് രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മക്കള്‍ക്ക് ജോലി നല്‍കുന്നതെന്നും സിങ് വ്യക്തമാക്കി. എം.എല്‍.എമാരായ അര്‍ജുന്‍ പ്രതാപ് സിങ് ബാജ്‌വയുടെയും ഭിഷം പാണ്ഡേയുടെയും മക്കളെ പോലീസ് ഇന്‍സ്‌പെക്ടര്‍, നായിബ് തഹസില്‍ദാര്‍ എന്നീ തസ്തികകളില്‍ നിയമിക്കാനുള്ള തീരുമാനം വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇരുവരുടെയും മുത്തശ്ശന്മാര്‍ ഭീകരവാദികളാല്‍ കൊല്ലപ്പെട്ടിരുന്നു. ഈ കാരണം മുന്‍നിര്‍ത്തിയാണ് നിയമനം നല്‍കാന്‍ തീരുമാനിച്ചത്.
രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മക്കള്‍ക്ക് ജോലി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുമോ എന്ന ചോദ്യം ഉദിക്കുന്നില്ല. അവരുടെ കുടുംബങ്ങള്‍ ചെയ്ത ത്യാഗത്തോട് കാണിക്കുന്ന ചെറിയരീതിയിലുള്ള കൃതജ്ഞതയും പ്രതിഫലവുമാണിത്. ഈ തീരുമാനത്തിന് ചില ആളുകള്‍ രാഷ്ട്രീയനിറം നല്‍കുന്നു എന്നത് നാണക്കേടാണ്- അമരീന്ദര്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീന്‍ തുക്രാല്‍ ട്വീറ്റ് ചെയ്തു.
കുല്‍ജിത് നാഗ്രയും അമരീന്ദര്‍ സിങ് രാജ വാരിങ്ങുമാണ് തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍.
content highlights: state government jobs to congress mlas sons; fresh trouble in punjab congress


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..