ജേക്കബ് തോമസ് | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഹോളണ്ട് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിലെ പല വസ്തുതകളും സര്‍ക്കാരില്‍ നിന്ന് മറച്ചുവച്ചെന്ന് സര്‍ക്കാര്‍ അപ്പീലില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഹോളണ്ട് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ മൂന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഡിപ്പാര്‍ട്ട്മെന്റ് പര്‍ച്ചേസ് കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജര്‍ വാങ്ങിയത്. അതിനാല്‍ ജേക്കബ് തോമസിന്റെ പേരില്‍ മാത്രം എടുത്ത കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
അതേസമയം ടെണ്ടറുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകളാണ് ജേക്കബ് തോമസിന് സംഭവിച്ചതെന്ന് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ ആരോപിച്ചിട്ടുണ്ട്. ടെണ്ടര്‍ നോട്ടീസില്‍ ഗ്ലോബല്‍ ടെണ്ടര്‍ എന്നത് മറച്ചുവച്ച ശേഷം ഇ ടെണ്ടര്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത പൊതു മേഖല സ്ഥാപനമായ ബി.ഇ.എം.എല്ലിന്റെ ടെണ്ടര്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ഡ്രഡ്ജര്‍ അഴിമതി കേസ് റദ്ദാക്കിയതിനെതിരായി സത്യന് നരവൂര്‍ എന്ന വ്യക്തി നല്കിയ ഹര്‍ജിയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. 2009 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തത്തിലാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്റാര്‍ ആയിരുന്നത്.
Content Highlights: state government filed an appeal in SC against the dismissal of case against Jacob Thomas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..