ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ കമ്മിഷണറെ സംസ്ഥാന സര്‍ക്കാരിന് നിയമിക്കാമെന്ന് സുപ്രീം കോടതി. അഡീഷണല്‍ സെക്രട്ടറിമാരായ ബി.എസ്. പ്രകാശ്, ടി.ആര്‍. ജയ്പാല്‍ എന്നിവരില്‍ ഒരാളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കമ്മിഷണര്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നത അധികാര സമിതി മെമ്പര്‍ സെക്രട്ടറി എന്നീ പദവികളിലേക്ക് നിയമിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ അനുമതി.

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുബാഷ് റെഡ്ഡി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയത്.

നിലവിലെ കമ്മിഷണര്‍ ബി.എസ്. തിരുമേനിക്ക് സ്ഥാനം ഒഴിയാനും സുപ്രീം കോടതി അനുമതി നല്‍കി. 2021 മെയ് 31-ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന സാഹചര്യത്തില്‍ തനിക്ക് മാതൃവകുപ്പിലേക്ക് മടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിരുമേനി കത്ത് നല്‍കിയതായി സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ ജി. പ്രകാശ് കോടതിയെ അറിയിച്ചു. 2019 ഡിസംബറിലാണ് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ബി.എസ്. തിരുമേനിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കിയത്.

കമ്മിഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിനല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് അധികാരമെന്ന കേരള ഹൈക്കോടതി വിധിക്ക് എതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണിനയിലാണ്. ഈ ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടായതിനു ശേഷമേ കോടതിയുടെ അനുമതിയോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കമ്മിഷണറെ നിയമിക്കാന്‍ സാധിക്കുകയുള്ളു.

content highlights: state government can appoint new commissioner in travancore dewaswom board says supreme court