ജഗദീഷ് ഷെട്ടാർ, നിഖിൽ കുമാരസ്വാമി, സി.ടി. രവി | Photo: ANI, Pics4News
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പടയോട്ടത്തിനിടയിലും പ്രമുഖര്‍ക്ക് തോല്‍വി. വലിയ വിജയത്തിനിടയിലും ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിച്ച മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പരാജയപ്പെട്ടു. മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി. നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാര്‍ ഇത്തവണ തനിക്ക് സീറ്റ് നിഷേധിച്ചതോടെയാണ് ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയത്. എന്നാല്‍ ഹുബ്ബള്ളി- ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ജഗദീഷ് ഷെട്ടാര്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായ മഹേഷ് തെങ്കിനക്കൈയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു.
കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയാഗാന്ധി പങ്കെടുത്ത ഒരേയൊരു തിരഞ്ഞെടുപ്പ് റാലി ഷെട്ടാറിന്റേതായിരുന്നു എന്നതും ശ്രദ്ധേയമാണ്. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള നേതാവായതിനാല്‍ പരാജയപ്പെട്ട അദ്ദേഹത്തെ അങ്ങനെ പരിഗണിക്കുന്നുവെന്നത് കൂടി കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.
എച്ച്.ഡി. കുമാരസ്വാമിയുടെ പിന്‍ഗാമിയായി അവതരിപ്പിക്കപ്പെട്ട നിഖില്‍ സുമാരസ്വാമി രാമനഗരയില്‍ പരാജയപ്പെട്ടു. കഴിഞ്ഞ തവണ പരാജയപ്പെട്ട എച്ച്.എ. ഇക്ബാല്‍ ഹുസൈനെയാണ് കോണ്‍ഗ്രസ് വീണ്ടും രംഗത്തിറക്കിയത്. എച്ച്.ഡി. ദേവഗൗഡയും തന്റെ പിതാവ് കുമാരസ്വാമിയും അമ്മ അനിത കുമാരസ്വാമിയും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറിയ മണ്ഡലത്തിലാണ് നിഖിലിന്റെ തോല്‍വി. സിനിമ നടനും യുവ ജനതാദള്‍ അധ്യക്ഷനുമായ നിഖില്‍ കുമാരസ്വാമിയുടെ നിയമസഭയിലേക്കുള്ള കന്നിയങ്കമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്നും നിഖില്‍ പരാജയപ്പെട്ടിരുന്നു.
കര്‍ണാടകയിലെ മുന്‍ വ്യവസായമന്ത്രി ജി. ജനാര്‍ദ്ദന റെഡ്ഡിയുടെ ഭാര്യയും ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ച് അദ്ദേഹം രൂപീകരിച്ച കല്യാണ രാജ്യപ്രഗതി പക്ഷ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഗലി ലക്ഷ്മി അരുണയാണ് പരാജയപ്പെട്ടൊരു മറ്റൊരു പ്രമുഖ. ജി. ജനാര്‍ദ്ദന റെഡ്ഡി ഗംഗാവതിയില്‍ ജയിച്ചപ്പോഴാണ് ഭാര്യയുടെ പരാജയമെന്നതും ശ്രദ്ധേയമാണ്. ബെല്ലാരി സിറ്റിയില്‍ കോണ്‍ഗ്രസിലെ നാര ഭാരത് റെഡ്ഡിയോടാണ് അവര്‍ പരാജയപ്പെട്ടത്.
നിലവില്‍ മന്ത്രിയായ വാത്മീകി സമുദായത്തില്‍ നിന്നുള്ള പ്രബല നേതാവ് ബി. ശ്രീരാമുലു സ്വന്തം നാടായ ബെല്ലാരയിയില്‍ തോറ്റു. കഴിഞ്ഞ തവണ ജയിച്ച മുളകല്‍മുരുവില്‍ നിന്നാണ് മാറിയാണ് അദ്ദേഹം ബെല്ലാരിയില്‍ ജനവിധി തേടിയത്. കോണ്‍ഗ്രസിലെ ബി. നഗേന്ദ്രയാണ് ഇവിടെ വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി വഴി തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിലെത്തിയ മുന്‍ ബംഗളൂരു പോലീസ് കമ്മിഷണര്‍ ഭാസ്‌കര്‍ റാവു കോണ്‍ഗ്രസിലെ സമീര്‍ അഹമ്മദിനോട് ചാമരാജപെട്ടില്‍ പരാജയപ്പെട്ടു. ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും 19 വര്‍ഷം ചിക്കമംഗളൂരു മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത സി.ടി. രവിയുടെ പരാജയം ബി.ജെ.പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
Content Highlights: star candudates failed Jagadish Shettar nikhil kumaraswamy b sreeramulu ct ravi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..