ബെംഗളൂരു: സ്റ്റാന്‍ഡ് അപ് കോമഡി കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി. ബെംഗളൂരുവില്‍ നടത്തേണ്ടിയിരുന്ന പരിപാടി ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയതിന് പിന്നാലെയാണ് മുനവ്വര്‍ ഫാറൂഖിയുടെ പ്രതികരണം. 'വിദ്വേഷം വിജയിച്ചു, കലാകാരന്‍ തോറ്റു. എനിക്കു മതിയായി. വിട' മുനവ്വര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ മുനവ്വറിന്റെ 12 പരിപാടികളാണ് റദ്ദാക്കിയത്. 

പുതിയ ഷോ നടത്താനിരുന്നത് ബെംഗളൂരുവിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോയത്തിലായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഷോ നടത്തരുതെന്ന് പോലീസ് ഓഡിറ്റോറിയത്തിന്റെ മാനേജര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നാലെ ഷോ റദ്ദാക്കുകയും ചെയ്തു. അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറുമായി ബന്ധപ്പെട്ട ഒരു സംഘടനയാണ് ഷോ നടത്താന്‍ മുനവ്വറിനോട് ആവശ്യപ്പെട്ടത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണമായിരുന്നു പരിപാടിയുടെ ലക്ഷ്യം. 

'അറുന്നൂറിലേറെ ടിക്കറ്റുകള്‍ വിറ്റതാണ്. ഞാന്‍ പറയാത്ത തമാശയുടെ പേരില്‍ നേരത്തെ എന്നെ ജയിലില്‍ അടച്ചു. വിവാദപരമായ ഒരു ഉള്ളടക്കവുമില്ലാത്ത എന്റെ പരിപാടി റദ്ദാക്കുന്നു. ഇത് അന്യായമാണ്. വ്യത്യസ്ത മതങ്ങളില്‍ ഉള്‍പ്പെട്ടവരുടെ സ്‌നേഹം നേടിയ പരിപാടിയാണിത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുണ്ട്. രണ്ട് മാസത്തിനിടെ 12 പരിപാടികളാണ് ഭീഷണി കാരണം റദ്ദാക്കിയത്. ഇതാണ് അവസാനമെന്ന് ഞാന്‍ കരുതുന്നു, എന്റെ പേര് മുനവ്വര്‍ ഫാറൂഖി എന്നായിരുന്നു. നിങ്ങള്‍ മികച്ച സദസ്യരായിരുന്നു. വിട..എല്ലാം അവസാനിക്കുന്നു.' ഫാറൂഖ് ഇന്‍സ്റ്റ്ഗ്രാം കുറിപ്പില്‍ വ്യക്തമാക്കുന്നു. 

ബജ്‌റംഗദളിന്റെ ഭീഷണിയെ തുടര്‍ന്ന് മുംബൈയിലെ പരിപാടി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസില്‍ മുനവ്വറിനെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീം കോടതി മനുവ്വറിന് ഇടക്കാല ജാമ്യം അനുവദിച്ചത്. സ്റ്റാന്‍ഡ് അപ് കോമഡിക്കിടെ ഹിന്ദു ദൈവങ്ങളേയും കേന്ദ്രമന്ത്രി അമിത് ഷായേയും അപമാനിച്ചു എന്ന് ആരോപിച്ച് ജനുവരി രണ്ടിനാണ് ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകന്‍ ഏകലവ്യ സിങ് ഗൗര്‍ മുനവ്വര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ പരാതി നല്‍കിയത്. 

Content Highlights: Stand Up Comedian Munawar Faruqui indicated he may not do any more shows