ന്യൂഡല്‍ഹി: ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച്ച നടത്തി. ബിജെപിക്കെതിരായ വിശാലസഖ്യമെന്ന ലക്ഷ്യവുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം നടക്കാനിരിക്കെയാണിത്.

സോണിയാ ഗാന്ധിയുടെ 72ാം ജന്മദിനത്തില്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു സ്റ്റാലിന്‍. കേന്ദ്രമന്ത്രി ഡി. രാജയ്യും കനിമൊഴിയും സ്റ്റാലിനൊപ്പം ഉണ്ടായിരുന്നു. വളരെ ഊഷ്മളവും സൗഹാര്‍ദപരവുമായ ചര്‍ച്ചകളാണ് നടന്നതെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ചര്‍ച്ചകള്‍ തുടരുമെന്നും എന്‍ഡിഎ വിരുദ്ധ സഖ്യം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കായി ഡിസംബര്‍ പത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. നവംബര്‍ 22 ന് നിശ്ചയിച്ചിരുന്ന യോഗം  ചത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം, രാജസ്ഥാന്‍ എന്നീസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. 

ആശംസകളുമായി മമതാ ബാനര്‍ജിയും

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സോണിയാ ഗാന്ധിയ്ക്ക്  ആശംസകള്‍ അര്‍പ്പിച്ചു. ഡല്‍ഹിയിലുള്ള മമതാ ബനാര്‍ജി ഞായറാഴ്ച്ച വൈകിട്ട് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിനോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി. എന്‍ഡിഎ വിരുദ്ധ സംഖ്യസാധ്യതകള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് മമതാ ബാനര്‍ജിയുടെ ഈ നീക്കം.  

ജന്മദിനാശംസ നേര്‍ന്ന് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയും  യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് ജന്മദിനാശംകള്‍ നേര്‍ന്നു.  സോണിയാഗാന്ധിയുടെ ജന്മദിനത്തില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു, അവരുടെ ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു ആശംസകള്‍ നേര്‍ന്നുകൊണ്ട് മോദി ട്വിറ്ററില്‍ കുറിച്ചു. 

Content Highllight: stalin, Mamata, PM Modi and others Wish Sonia Gandhi On Her 72nd Birthday