എം.കെ. സ്റ്റാലിൻ| Photo: Mathrubhumi, www.facebook.com|MKStalin
ചെന്നൈ: തിരയിലൊന്ന് കാല്‍നനച്ച്, കടല്‍ കണ്ടു നില്‍ക്കുമ്പോഴുള്ള സന്തോഷം.. അതൊന്നു വേറെയാണ്. എന്നാല്‍ വീല്‍ച്ചെയറില്‍ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാരെ സംബന്ധിച്ചിടത്തോളം പലപ്പോഴും ഇതൊരു സ്വപ്‌നമായി അവശേഷിക്കുകയാണ് പതിവ്. തീരത്തേക്ക് ഇറങ്ങാനുള്ള പ്രയാസം പ്രധാന കാരണം. എന്നാല്‍ ഈ തടസ്സത്തെ ദൂരീകരിച്ച്, ഭിന്നശേഷിക്കാരുടെ ആഗ്രഹത്തെ സഫലമാക്കിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ എം.കെ. സ്റ്റാലിന്‍ സര്‍ക്കാര്‍.
മറീനാ ബീച്ചില്‍, ഭിന്നശേഷിക്കാര്‍ക്ക് പ്രയോജനകരമാകുന്ന റാമ്പ് ഒരുക്കിയിരിക്കുകയാണ്. സര്‍വീസ് റോഡില്‍നിന്ന് കടല്‍ത്തീരം വരെയാണ് ഈ റാമ്പ്. തിങ്കളാഴ്ച തുറന്നുകൊടുത്ത റാമ്പ്, ചൊവ്വാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. ജനുവരി രണ്ടുവരെ തല്‍ക്കാലത്തേക്കായിരുന്നു റാമ്പ് ഒരുക്കിയിരുന്നത്. എന്നാല്‍ ഇത് രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയെന്ന് ഗ്രേറ്റര്‍ ചെന്നെ കോര്‍പറേഷന്‍ അറിയിച്ചു. ഭിന്നശേഷിക്കാരില്‍നിന്നും അവരുടെ കുടുംബങ്ങളില്‍നിന്നുമുള്ള അഭ്യര്‍ഥന പാലിച്ചായിരുന്നു ഇത്. അതേസമയം, താല്‍ക്കാലിക റാമ്പ് ഉടന്‍ സ്ഥിരപ്പെടുത്തുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.
മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി കെ.എന്‍. നെഹ്‌റു, എച്ച്.ആര്‍. ആന്‍ഡ് സി.ഇ. മന്ത്രി പി.കെ. ശേഖര്‍ബാബു, ട്രിപ്ലിക്കെയ്ന്‍ ചെപ്പോക്ക് എം.എല്‍.എയും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചൊവ്വാഴ്ച റാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സ്റ്റാലിനും ഉദയനിധി സ്റ്റാലിനും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മഗിഴ്ചി അലൈ, കാല്‍ഗളൈ തേടി വന്ത കടല്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ ഉദയനിധി സ്റ്റാലിന്‍ പങ്കുവെച്ചിരിക്കുന്നത്.
content highlights: stalin government makes temporary pathway for differently abled to enjoy beach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..