ന്യൂഡല്‍ഹി:  പുണെ സിറം ഇന്‍സ്റ്റിട്യൂട്ടില്‍നിന്ന് പതിമൂന്ന് നഗരങ്ങളിലെ അംഗീകൃത സംഭരണകേന്ദ്രങ്ങളിലേക്ക് കോവിഷീല്‍ഡ് വാക്‌സിന്റെ 56 ലക്ഷം ഡോസ് കനത്ത സുരക്ഷാസംവിധാനങ്ങളോടെ അയച്ചു. ജനുവരി പതിനാറിനാരംഭിക്കുന്ന ആദ്യഘട്ട വിതരണത്തിനായാണ് വാക്‌സിന്‍ അയച്ചു തുടങ്ങിയത്. 

ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ഗുവാഹത്തി, ഷില്ലോങ്, അഹമ്മദാബാദ്, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വര്‍, പട്‌ന, ബെംഗളൂരു, ലഖ്‌നൗ, ചണ്ഡീഗഡ് എന്നീ പതിമൂന്ന് നഗരങ്ങളിലേക്കാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ വാക്‌സിനുമായി വാഹനങ്ങള്‍ യാത്ര തിരിച്ചത്. കൂടാതെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ മുംബൈയിലേക്ക് വാക്‌സിനുമായി മൂന്ന് ട്രക്കുകള്‍ പുറപ്പെട്ടു. 

സിറം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് 11 ദശലക്ഷം കോവിഷീല്‍ഡ് ഡോസും ഭാരത് ബയോടെക്കിന്റെ 5.5 ദശലക്ഷം ഡോസ് കോവാക്‌സിനും ലഭ്യമാക്കുമെന്നും ജനുവരി പതിനാലോടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിതരണത്തിനായി എത്തിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, ശുചീകരണജീവനക്കാര്‍ എന്നിവര്‍ക്ക് ആദ്യഘട്ട വിതരണത്തില്‍ പ്രാഥമിക പരിഗണന നല്‍കും. വാക്‌സിന്‍ വിതരണം ഓണ്‍ലൈനിലൂടെ പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നാണ് ഔദ്യോഗിക സൂചന.  

1,200 'വയലു'കളടങ്ങിയ 32 കിലോഗ്രാം ഭാരമുള്ള ശീതീകരിച്ച പെട്ടികളായാണ് വാക്‌സിന്‍ വിതരണകേന്ദ്രങ്ങളിലേക്ക് അയച്ചത്. ഓരോ മരുന്നുകുപ്പിയിലും 10 ഡോസ് വാക്‌സിനാണുള്ളത്. നിര്‍മാണ തീയതി 2020 ഒക്ടോബറായും കാലാവധി അവസാനിക്കുന്നത് 2021 മാര്‍ച്ചുമായാണ് പെട്ടികളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

56 lakh doses of Covishield shipped across India
Photo : Twitter / @blsanthosh

അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വാക്‌സിന്‍ പെട്ടികള്‍ ഏറ്റുവാങ്ങി. രാജ്യത്തിനും ഗുജറാത്തിനും ഇത് ആഹ്‌ളാദം പകരുന്ന അവസരമാണെന്ന് നിതിന്‍ പട്ടേല്‍ പ്രതികരിച്ചു. കോവിഷീല്‍ഡിന്റെ 54,900 വയലുകളാണ്(vials) ബിഹാറിലെ നളന്ദ മെഡിക്കല്‍ കോളേജിലെ സംഭരണകേന്ദ്രത്തിലെത്തിയത്. പത്ത് പ്രാദേശിക സംഭരണകേന്ദ്രങ്ങളിലേക്ക് ബുധനാഴ്ച വാക്‌സിന്‍ വിതരണം ചെയ്യും. 

20,004 വയലുകളാണ് ആദ്യഘട്ടത്തില്‍ പഞ്ചാബിലെത്തിയത്. ജില്ലാകേന്ദ്രങ്ങളിലേക്ക് പ്രത്യേകവാഹനങ്ങളില്‍ വാക്‌സിനെത്തിക്കുമെന്ന് സംസ്ഥാന കോവിഡ്-19 നോഡല്‍ ഓഫീസര്‍ രാജീവ് ഭാസ്‌കര്‍ അറിയിച്ചു. 1,200 വയലുകളാണ് ചണ്ഡീഗഡിന് ലഭിച്ചത്. ഒഡിഷയിലെത്തിയ വാക്‌സിന്‍ പെട്ടികള്‍ വിമാനത്താവളത്തില്‍ തന്നെ പ്രത്യേകമായി ശീതികരിച്ച മുറിയിലാണ് താത്ക്കാലികമായി സൂക്ഷിച്ചിരിക്കുന്നത്. 

അസം, മേഘാലയ എന്നിവ കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന ആദ്യ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളായി. കോവിഷീല്‍ഡിന് ശേഷം ഭാരത് ബയോടെക്കിന്റെ വാക്‌സിന്‍ സംസ്ഥാനത്ത് ഉടനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ പറഞ്ഞു. ചെന്നൈയില്‍നിന്ന് കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, മധുര തുടങ്ങി പത്ത് പ്രാദേശിക കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

4,35,500 ഡോസ് കോവിഷീല്‍ഡാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. കൊച്ചി വിമാനത്താവളത്തില്‍ ബുധനാഴ്ച രാവിലെയെത്തുന്ന വാക്‌സിന്‍ ശീതികരണസംവിധാനമുള്ള പ്രത്യേകവാഹനത്തില്‍ താത്ക്കാലികമായി സംഭരിക്കും. തുടര്‍ന്നാണ് പ്രാദേശികവിതരണം. 

വാക്‌സിന്‍ വിതരണം സൗജന്യമായിരിക്കുമെന്ന് തമിഴ്‌നാടും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും വാക്‌സിന്‍ ലഭിച്ചയുടനെ അറിയിച്ചു. ബിഹാറും സമാനതീരുമാനം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

 

Content Highlights: Stage set for mega inoculation drive, vaccines reach 14 cities