ശ്രീവത്സൻ ഭാരത് ജോഡോ യാത്രയുടെ വിശ്രമ കേന്ദ്രത്തിൽ
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പിന്നാലെ നടക്കാന്‍ തുടങ്ങിയതാണ് 57-കാരനായ ശ്രീവത്സന്‍. സ്ഥിരം യാത്രികരായ 120 പേരില്‍ ഉള്‍പ്പെടാത്തതിനാല്‍ ബസ് സ്റ്റോപ്പുകളില്‍ അന്തിയുറങ്ങിയും രാത്രിയിലും രാവിലെയും തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചും മഹാരാഷ്ട്രവരെയെത്തി. ഇപ്പോഴാണ് ശ്രീവത്സനെ എല്ലാവരും ശ്രദ്ധിക്കുന്നത്.
പിന്നീട് യാത്രികര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും കണ്ടെയ്നറുകളിലല്ലാതെ പുറത്തുള്ള സംവിധാനങ്ങളില്‍ രാത്രി കഴിയാനും അനുവദിച്ചു. ദിഗ്വിജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള യാത്രാ പിന്നണി പ്രവര്‍ത്തകര്‍ ശ്രീവത്സന്റെയും ഹാജര്‍ രേഖപ്പെടുത്തിത്തുടങ്ങി. ഒടുവില്‍ യാത്ര ഹരിയാണയിലെത്തിയപ്പോള് ശ്രീവത്സന്റെ സമര്‍പ്പണത്തിനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു-സ്ഥിരം യാത്രികനായുള്ള തിരിച്ചറിയല്‍ കാര്‍ഡ്. സേവാദളില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ്സില്‍ നിന്നുമടക്കം ഇത്തരത്തില്‍ അറുപതോളം പേരെ സ്ഥിരം യാത്രികരാക്കിയപ്പോഴാണിത്. കണ്ടെയ്നര്‍ തികയാത്തതിനാല്‍ ഇവര്‍ക്ക് ബസ്സുകളില്‍ രാത്രി കിടക്കാനുള്ള പ്രത്യേക സൗകര്യങ്ങളും പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്.
പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനായി വിരമിച്ച ശ്രീവത്സന്‍ ചീമേനി മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയായി മുഴുവന്‍ സമയ രാഷ്ട്രീയവുമായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ഭാരത് യാത്രയുടെ ഭാഗമാവാന്‍ പുറപ്പെട്ടത്. കാസര്‍കോട് നിന്ന് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന യാത്രികരായ അഞ്ചുപേരില്‍ ഒരാളായിരുന്നു ഇദ്ദേഹം. സംസ്ഥാന യാത്രയില്‍ പങ്കെടുക്കാനിറങ്ങിയപ്പോള് തന്നെ പ്രമേഹ രോഗമുള്ള ശ്രീവത്സനെ ഭാര്യ സരളയും മക്കളായ സ്വാഗതും സ്വാതിയും വിലക്കി. എന്നാലും ശ്രീവത്സന്‍ ദൃഢ നിശ്ചയത്തിലായിരുന്നു.

കേരളത്തിലെ യാത്ര അവസാനിച്ചപ്പോള്‍ തിരിച്ചുവരാന്‍ കുടുംബം ആവശ്യപ്പെട്ടെങ്കിലും ശ്രീവത്സന്‍ യാത്രയുടെ ആവേശത്തില്‍ തുടര്‍ന്നു. സ്ഥിരം യാത്രികനല്ലാത്തതിനാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുടനീളം രാത്രി കിടപ്പ് ബസ് സ്റ്റോപ്പുകളിലും കട വരാന്തകളിലുമായിരുന്നു. രാവിലെയും രാത്രിയിലും തെരുവോര കടകളില്‍ നിന്ന് ഭക്ഷണം കഴിക്കും. ഉച്ചഭക്ഷണം സംസ്ഥാന യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ നിന്ന് ലഭിക്കും.
മഹാരാഷ്ട്രയിലെത്തിയതോടെ കൂടെയുള്ള മലയാളി യാത്രികര്‍ ഇങ്ങനെ നടക്കുന്നവരുടെ കാര്യം മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി. അതോടെ ഇവര്‍ക്ക് സമയാസമയങ്ങളിലുള്ള ഭക്ഷണം സ്ഥിരം യാത്രികര്ക്കൊപ്പമായി. താമസത്തിന് കേരള വക്താവ് അഡ്വ. അനില്‍ ബോസും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ചുക്കുട്ടനും അടക്കമുള്ളവര്‍ ചേര്‍ന്ന് സൗകര്യം ഏര്‍പ്പെടുത്താനും തുടങ്ങി. ഹരിയാണയിലെത്തിയതോടെ ഇതിനെല്ലാം പരിഹാരമായി. ഇപ്പോള്‍ സ്ഥിരം യാത്രികനായി. എ.ഐ.സി.സി. ഇവര്‍ക്ക് ഇതിനുള്ള അംഗീകാര സര്‍ട്ടിഫിക്കറ്റും കൈമാറും.
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് ഓരോയിടത്തും ലഭിക്കുന്ന ആവേശകരമായ സ്വീകരണം നടക്കാന്‍ വല്ലാത്ത ഊര്‍ജം നല്‍കിയതായി ശ്രീവത്സന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന് രാജ്യത്തെ ജനങ്ങളില്‍ ഇപ്പോഴും മഹനീയ സ്ഥാനമുണ്ടെന്ന് യാത്രയിലൂടെ മനസ്സിലായി. പ്രതീക്ഷയര്‍പ്പിക്കാവുന്ന ഏക നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും തിരിച്ചറിഞ്ഞു. കോട്ടയില്‍ യാത്രയെത്തിയപ്പോള്‍ നാട്ടുകാരായ ചിലര്‍ വസ്ത്രങ്ങള്‍ അലക്കാനും ഇസ്തിരിയിടാനും അടക്കം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതൊക്കെ വല്ലാത്ത അനുഭവമായിരുന്നു-ശ്രീവത്സന്‍ പറഞ്ഞു.
ശ്രീവത്സന്‍ സ്ഥിരം പദയാത്രികനായി അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സമര്‍പ്പണം അത്ഭുതപ്പെടുത്തുന്നതാണെന്നും കേരള വക്താവ് അഡ്വ. അനില്‍ ബോസ് പറഞ്ഞു. 58-കാരനായ വിജേന്ദ്ര സിങ് മഹ്ലാവത് മാത്രമാണ് പ്രായത്തിന്റെ കാര്യത്തില്‍ ശ്രീവത്സന്റെ മുന്നിലുള്ളതെന്നും ബോസ് കൂട്ടിച്ചേര്‍ത്തു. 1987-ല്‍ രമേശ് ചെന്നിത്തല കേരള മാര്‍ച്ച് നടത്തിയപ്പോഴും ശ്രീവത്സന്‍ അംഗമായിരുന്നു.
Content Highlights: Srivatsan participating in Rahul Gandhi's Bharat Jodo Yatra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..