ന്യൂഡല്‍ഹി: ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കടല്‍മാര്‍ഗം രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി. കടല്‍മാര്‍ഗം അവര്‍ ഇന്ത്യയിലേക്ക് കടക്കുന്നത് തടയാനാണ് കോസ്റ്റ്ഗാര്‍ഡിന്റെ കര്‍ശന നിരീക്ഷണം.
കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും അടക്കമുള്ളവയാണ് നിരീക്ഷണം നടത്തുന്നതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന ബോട്ടുകള്‍ അടക്കമുള്ളവ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. മുംബൈ ഭീകരാക്രമണം നടത്തിയ ഭീകരര്‍ കടല്‍മാര്‍ഗം എത്തിയ സാഹചര്യം കണക്കിലെടുത്താണ് അതീവ ജാഗ്രതാ നിര്‍ദ്ദേശമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി.
സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ശ്രീലങ്കയിലെ പ്രാദേശിക ഭീകര സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണെന്ന് സംശയിക്കുന്നതായി ശ്രീലങ്കന്‍ മന്ത്രി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ നടപടി. സ്‌ഫോടന പരമ്പര നടത്തിയ ചാവേറുകളെല്ലാം ശ്രീലങ്കന്‍ പൗരന്മാരാണെന്നാണ് കരുതുന്നതെന്നും ആരാജ്യത്തെ ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ വക്താവുമായ രജിത സേനരത്‌നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് എത്തുന്നത് തടയുന്നതിനുള്ള നീക്കം.
സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയില്‍ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, തലസ്ഥാനമായ കൊളംബോയിലെ ബസ് സ്‌റ്റേഷനില്‍നിന്ന് തിങ്കളാഴ്ച 87 ബോംബ് ഡിറ്റനേറ്ററുകള്‍ പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. 300 ഓളം പേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ സ്‌ഫോടന പരമ്പര നടന്നതിന് തൊട്ടടുത്ത ദിവസമാണ് ഡിറ്റനേറ്ററുകള്‍ പോലീസ് കണ്ടെത്തിയത്.
Content Highlights: Sri Lanka bomb blasts, Indian Coast Guard