കൊളംബോ: രാജ്യത്തെ പാം ഓയില്‍ ഇറക്കുമതി അടിയന്തരമായി നിരോധിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബായ രാജപക്‌സെ. പ്രാദേശിക പ്ലാന്റേഷന്‍ കമ്പനികള്‍ അവരുടെ 10 ശതമാനം എണ്ണപ്പനകള്‍ നശിപ്പിച്ച് പകരം റബ്ബറോ മറ്റു പരിസ്ഥിതി സൗഹൃദ വിളകളോ കൃഷി ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. രാജ്യത്തെ ആഭ്യന്തര വെളിച്ചെണ്ണ വ്യവസായത്തിന് ഗുണം ചെയ്യുന്നതാണ് സര്‍ക്കാര്‍ തീരുമാനം. 

വിദേശത്തുനിന്നുള്ള പാം ഓയില്‍ ഇറക്കുമതിക്കൊപ്പം രാജ്യത്തെ ആഭ്യന്തര പാം ഓയില്‍ ഉത്പാദനവും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം കസ്റ്റംസ് മേധാവിയെ അറിയിച്ചിട്ടുണ്ടെന്നും ഇനിമുതല്‍ രാജ്യത്തേക്ക് വരുന്ന പാം ഓയില്‍ ചരക്കുകള്‍ക്ക് കസ്റ്റംസ് അനുമതി നല്‍കേണ്ടതില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്തെ പാം ഓയില്‍ കൃഷി ക്രമേണ നിരോധിക്കാന്‍ ആറ് മാസങ്ങള്‍ക്ക് മുമ്പുതന്നെ പ്രസിഡന്റ് നിര്‍ദേശിച്ചിരുന്നു. എണ്ണപ്പനകള്‍ കൃഷി ചെയ്യുന്ന കമ്പനികള്‍ വര്‍ഷംതോറും ഘട്ടംഘട്ടമായി 10 ശതമാനം മരങ്ങള്‍ നശിപ്പിച്ച് റബ്ബറോ മറ്റു പരിസ്ഥിതി സൗഹൃദ വിളകളോ കൃഷി ചെയ്യണം. പാം ഓയില്‍ പ്ലാന്റേഷനുകളില്‍ നിന്നും പാം ഓയില്‍ ഉപഭോഗത്തില്‍ നിന്നും ശ്രീലങ്കയെ മുക്തമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

മലേഷ്യ, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് വര്‍ഷംതോറും 20,00,000 ടണ്‍ പാം ഓയിലാണ് ശ്രീലങ്ക ഇറക്കുമതി ചെയ്യുന്നത്. നിരോധനം ഏര്‍പ്പെടുത്തിയ നടപടി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പാം ഓയില്‍ ഉത്പാദനവും ഉപയോഗവും പൂര്‍ണമായും നിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. 

content highlights: Sri Lanka bans palm oil imports, tells producers to uproot plantations