തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ഡല്‍ഹി മെട്രോ ട്രെയിനില്‍ സൗജന്യ യാത്ര അനുവദിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഡെല്‍ഹി മെട്രോ മുന്‍ മേധാവിയും ഇപ്പോഴത്തെ മുഖ്യ ഉപദേഷ്ടാവുമായ ഇ. ശ്രീധരന്‍. സൗജന്യ യാത്ര അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

അടുത്തിടെയാണ് ഡല്‍ഹി സര്‍ക്കാര്‍ ബസുകളിലും മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ നീക്കം ഡെല്‍ഹി മെട്രോയെ കാര്യക്ഷമതയില്ലായ്മയിലേയ്ക്കും കടക്കെണിയിലേയ്ക്കും എത്തിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ. ശ്രീധരന്‍ കത്തെഴുതിയിരിക്കുന്നത്.

ഡല്‍ഹി സര്‍ക്കാരിനു കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ തുല്യ പങ്കാളിത്തമാണുള്ളത്. ഈ നിലയ്ക്ക് സമൂഹത്തിലെ ഒരു വിഭാഗത്തിന് സൗജന്യ യാത്ര അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏകപക്ഷീയമായ നീക്കം ഡിഎംആര്‍സിയ്ക്ക് വലിയ ബാധ്യതയുണ്ടാക്കുമെന്നാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഡെല്‍ഹി മെട്രോയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ തീരുമാനങ്ങള്‍ അതിന് നിര്‍ബന്ധിതനാക്കിയിരിക്കുകയാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഡെല്‍ഹി മെട്രോയുടെ ആദ്യത്തെ ഘട്ടം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ത്തന്നെ ഒരു വിധത്തിലുള്ള സൗജന്യ യാത്രയും അനുവദിക്കാന്‍ പാടില്ലെന്ന് നിശ്ചയിച്ചിരുന്നതാണ്. കുറഞ്ഞ നിരക്കില്‍ മെട്രോ സേവനം സാധരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനും ഡിഎംആര്‍സിയുടെ വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിനും ഇത് ആവശ്യമാണെന്നും ഇ. ശ്രീധരന്‍ കത്തില്‍ പറയുന്നു.

ഡല്‍ഹി മെട്രോ തീവണ്ടിയിലും ബസിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോള്‍ വരുന്ന ബാധ്യത സര്‍ക്കാര്‍ വഹിക്കുമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. രണ്ടോ മൂന്നോ മാസത്തിനകം പദ്ധതി നടപ്പാക്കും. മെട്രോ തീവണ്ടികള്‍, ഡി.ടി.സി. ബസുകള്‍, ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടിമോഡല്‍ സിസ്റ്റത്തിനുകീഴിലെ ക്ലസ്റ്റര്‍ ബസുകള്‍ എന്നിവയിലാണ് സൗജന്യയാത്ര അനുവദിക്കുക.

വര്‍ഷം 1200 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം ഇനിയുള്ള മാസങ്ങളില്‍ 700 കോടിമുതല്‍ 800 കോടി രൂപ വരെയായിരിക്കും ചെലവ്. സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാനും പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കാനുമാണ് ഈ നീക്കം. ടിക്കറ്റെടുത്ത് യാത്രചെയ്യാന്‍ സാമ്പത്തികശേഷിയുള്ള സ്ത്രീകള്‍ ടിക്കറ്റെടുത്തുതന്നെ യാത്രചെയ്യണം. പാവപ്പെട്ടവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കെജ്രിവാള്‍ വ്യക്തമാക്കി. അടുത്തവര്‍ഷമാദ്യം ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എ.എ.പി. സര്‍ക്കാരിന്റെ പ്രഖ്യാപനം. 

എ.എ.പി. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ബി.ജെ.പി. രംഗത്തെത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ.എ.പി.ക്ക് തിരിച്ചടി നേരിട്ടതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള രാഷ്ട്രീയപ്രേരിത നീക്കമാണിതെന്നാണ് ബിജെപിയുടെ വിമര്‍ശം.

Content Highlights: E. Sreedharan, free rides for women Delhi metro