ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശത്തിനെതിരായല്ല, യുവതീ പ്രവേശത്തിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഇത് സംബന്ധിച്ച് ജനുവരി 22ന് സുപ്രീം കോടതിയുടെ അന്തിമ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീധരന്‍ പിള്ള ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കേരളത്തിലെ സ്ഥിതി വളരെ ദൗര്‍ഭാഗ്യകരമാണെന്നും സര്‍ക്കാര്‍ പോലീസുകാരെ കയറൂരിവിട്ടിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. യതീഷ് ചന്ദ്രയുടെ നടപടിയെ ബിജെപി അപലപിക്കുന്നു. അദ്ദേഹത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുള്‍പ്പെടെ പരാതി നല്‍കും - പിള്ള വ്യക്തമാക്കി. 

കണ്ണൂരില്‍ ബിജെപി സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്ത സിപിഎം സൃഷ്ടിയാണെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. 

കെ. സുരേന്ദ്രനെതിരെ കള്ളക്കേസ് ചമച്ചിരിക്കുകയാണ്. പത്തോളം കേസുകള്‍ പുതിയതായി കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി അറിയുന്നു. ബിജെപി നേതാക്കളെ നിശബ്ദരാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച പിള്ള സുരേന്ദ്രന്‍ ഒറ്റയ്ക്കല്ലെന്നും നിയമാനുസൃതമായി പോരാടുമെന്നും കൂട്ടിച്ചേര്‍ത്തു.

Content Highlights: Sabarimala Women Entry, PS Sreedharan Pillai, K, Surendran, Yatheesh Chandra IPS