ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണസമിതിയും ഉപദേശക സമിതിയും രൂപീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം കൂടി അനുവദിച്ചു. തിരുവനന്തപുരം ജില്ലാ ജഡ്ജി അല്ലെങ്കില്‍ ഹിന്ദുവായ മുതിര്‍ന്ന അഡീഷണല്‍ ജഡ്ജി ആകും ഭരണസമിതിയുടെ അധ്യക്ഷന്‍ എന്ന് കോടതി വ്യക്തമാക്കി.
ഉപദേശക സമിതിയില്‍ കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ നിയമിക്കാന്‍ അനുവദിക്കണമെന്ന ക്ഷേത്രം ട്രസ്റ്റി രാമവര്‍മ്മയുടെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ ചുമതല പുതുതായി രൂപീകരിക്കുന്ന ഭരണസമിതിക്ക് കൈമാറാമെന്ന് വ്യക്തമാക്കി ക്ഷേത്രം ട്രസ്റ്റി മൂലം തിരുന്നാള്‍ രാമ വര്‍മ്മ ഫയല്‍ ചെയ്ത സത്യവാങ്മൂലവും കോടതി അംഗീകരിച്ചു.
കോടതി നിര്‍ദേശ പ്രകാരം ട്രസ്റ്റി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിനോട് എതിര്‍പ്പ് ഇല്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശും കോടതിയെ അറിയിച്ചു. ഇതിനിടെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എക്സിക്യുട്ടീവ് ഓഫീസര്‍ പദവിയില്‍ നിന്ന് ഒഴിയാന്‍ അനുമതി തേടിയും, എക്സിക്യുട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ തനിക്ക് എതിരായ എല്ലാ കേസുകളും റദ്ദാക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് വി രതീശന് നല്കിയ അപേക്ഷ സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിച്ചു. എക്സിക്യുട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ രതീശന് നടത്തിയ പ്രവര്‍ത്തനങ്ങളെ കോടതി പ്രകീര്‍ത്തിച്ചു. പുതിയ ഭരണസമിതി നിലവില്‍ വരുമ്പോള്‍ പുതിയ എക്സിക്യുട്ടീവ് ഓഫീസറെ സമിതി നിശ്ചയിച്ചോളാം എന്നും കോടതി പറഞ്ഞു.
സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ക്ഷേത്രം ട്രസ്റ്റി മൂലം തിരുന്നാള്‍ രാമ വര്‍മ്മ ഭരണ ചുമതല ഭരണസമിതിക്ക് കൈമാറി കൊണ്ട് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ട്രസ്റ്റിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ പ്രതിമാസം 15 ലക്ഷത്തില്‍ കൂടുതല്‍ ചെലവാക്കാന്‍ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു കോടിയില്‍ അധികം ചെലവ് വരുന്ന കാര്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമായിരിക്കും.
ക്ഷേത്രഭരണത്തെ കുറിച്ച് പരാതി ഉണ്ടെങ്കില്‍ അക്കാര്യത്തിലുള്ള നിര്‍ദേശം ട്രസ്റ്റിക്ക് ഭരണസമിതിക്ക് കൈമാറാന്‍ കഴിയും. ആ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം എന്ന് ട്രസ്റ്റിക്ക് നിര്‍ദേശിക്കാം എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ ഉള്ള അഞ്ച് അംഗ ഭരണസമിതിയുടെ കാലാവധി മൂന്ന് വര്‍ഷമാകും. ക്ഷേത്രം ട്രസ്റ്റി രാമ വര്‍മ്മയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് കൃഷ്ണന് വേണുഗോപാലും, അഭിഭാഷകന് ശ്യാം മോഹനും ഹാജരായി. വി രതീശന് വേണ്ടി അഭിഭാഷകന് വെങ്കിട്ട സുബ്രഹ്മണ്യവും ഹാജരായി.
Content Highlights: sree padmanabhaswamy temple Supreme court of India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..