
AFP
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റഷ്യയുടെ സ്പുട്നിക്-V വാക്സിന് ഉപയോഗത്തിനുള്ള അടിയന്തര അനുമതി നല്കി ഇന്ത്യ. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്സ്പെര്‍ട്ട് കമ്മിറ്റിയാണ് (എസ്.ഇ.സി.) സ്ഫുട്നിക്കിന്റെ അടിയന്തര ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയത്.
ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ.) അനുമതി ലഭിച്ചാല്‍ സ്പുട്നിക് V വാക്സിന് രാജ്യത്ത് വിതരണം ചെയ്യാനാകും.
അനുമതി ലഭിക്കുകയാണെങ്കിൽ കോവിഷീല്‍ഡിനും കോവാക്സിനും ശേഷം ഇന്ത്യയിലുപയോഗിക്കാന്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനായി റഷ്യയുടെ സ്പുട്നിക്-V മാറും .
91.6 ശതമാനം കാര്യക്ഷമത സ്പുട്നിക് 5 വാക്സിനിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോ റെഡ്ഡീസാണ് സ്പുട്നിക്-V ഇന്ത്യയില്‍ നിർമിക്കുന്നത്.
2020 ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത സ്പുട്നിക് V ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാക്സിനാണ്. റഷ്യയിലെ ഗമലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്സിന് വികസിപ്പിച്ചെടുത്തത്. സ്പുട്നിക് വാക്സിന്റെ നിര്‍മാണത്തിനായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഇന്ത്യയിലെ വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി സഹകരിക്കുന്നുണ്ട്.
കോവിഡ് വാക്സിന്‍ക്ഷാമം പരിഹരിക്കാന്‍ ഒക്ടോബര്‍ അഞ്ചോടെ അഞ്ച് പുതിയ പ്രതിരോധമരുന്നുകള്‍കൂടി ഉപയോഗസജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവാക്സിനും കോവിഷീല്‍ഡുമാണ് നിലവില്‍ രാജ്യത്ത് ഉപയോഗത്തിലുള്ളത്. ഇരുപതോളം വാക്സിനുകള്‍ നിര്മാണത്തിന്റെയോ പരീക്ഷണത്തിന്റെയോ വിവിധ ഘട്ടത്തിലാണ്. ഇതില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ്, നൊവാവെക്സ്, കാഡില സൈഡസ്, ഭാരത് ബയോടെക് നിര്‍മിക്കുന്ന മൂക്കിലൂടെ നല്കുന്ന വാക്സിന് എന്നിവയാണ് ഒക്ടോബറിനുമുമ്പ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നത്.
content highlights: Sputnik-V has been cleared for emergency use approval in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..