ന്യൂഡല്‍ഹി: സ്പുട്‌നിക് വാക്‌സിന്റെ നിര്‍മ്മാണ യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്നതിന് റഷ്യയും കേരളവും തമ്മില്‍ ചര്‍ച്ച നടത്തി. തോന്നയ്ക്കലില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള താത്പര്യ പത്രം സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ഉടന്‍ കൈമാറും. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ വികസന കോര്‍പറേഷനും റഷ്യയെ പ്രതിനിധീകരിച്ച് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമാണ് ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ തോന്നക്കലില്‍ വാക്‌സിന്‍ നിര്‍മ്മാണ യൂണിന് സ്ഥലം കണ്ടെത്താന്‍ തീരുമാനമായത്. 

ബയോടെക്‌നൊളജിക്കല്‍ പാര്‍ക്കില്‍ യൂണിറ്റിനായി സ്ഥലം നല്‍കാമെന്നാണ് കേരളം നിര്‍ദേശിച്ചിരിക്കുന്നത്. താത്പര്യ പത്രം സംബന്ധിച്ച കരട് സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ തയ്യാറാക്കി ഉടന്‍ കൈമാറും.

ചര്‍ച്ചകളുടെ വിശദശാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേരളമോ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടോ തയ്യാറായിട്ടില്ല. റഷ്യക്ക് പുറത്ത് ദക്ഷിണ കൊറിയ, ബ്രസീല്‍, തുര്‍ക്കി, സൗദി അറേബ്യ, ചൈന എന്നിവിടങ്ങളിലാണ് നിലവില്‍ സ്പുട്‌നിക് വാക്‌സിന്‍ യൂണിറ്റുകളുള്ളത്. ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പടെ ഏഴ് ഫര്‍മാ കമ്പനികളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്

content highlights: sputnik vaccine manufacturing unit may be set up in kerala