പ്രതീകാത്മകചിത്രം | Photo : Reuters
ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് വിമാന കമ്പനിക്കെതിരേ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) നടപടി. വേനല്‍ക്കാല ഷെഡ്യൂളില്‍ നിലവിലുള്ളതിന്റെ 50 ശതമാനം വിമാന സര്‍വീസുകള്‍ മാത്രമേ പാടുള്ളുവെന്ന് ഡിജിസിഎ നിര്‍ദേശിച്ചു. അടുത്ത എട്ട് ആഴ്ചത്തേക്കാണ് സര്‍വീസുകള്‍ കുറയ്ക്കാന്‍ ഡിജിസിഎ നിര്‍ദേശിച്ചത്. സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഡിജിസിഎ നടപടി സ്വീകരിച്ചത്.
സര്‍വീസുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന എട്ട് ആഴ്ച കാലയളവില്‍ കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നും ഡിജിസിഎയുടെ നിര്‍ദേശത്തില്‍ പറയുന്നു.
തുടര്‍ച്ചയായ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഡിജിസിഎ നേരത്തെ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി തൃപ്തികരമാകാത്തതിനെ തുടര്‍ന്നാണ് നടപടിയിലേക്ക് നീങ്ങിയത്. ജൂൺ 19-നുശേഷം 18 ദിവസത്തിനിടെ വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ എട്ട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എൻജിനിൽ തീപ്പിടിത്തം, കാബിനിൽ പുക, വിൻഡ്ഷീൽഡിൽ വിള്ളൽ എന്നിങ്ങനെ പോകുന്നു പ്രശ്നങ്ങൾ. ഇതേതുടര്‍ന്നാണ് വിഷയത്തില്‍ ഡിജിസിഎ ഇടപെട്ടത്.
അതേസമയം ഡിജിസിഎ ഉത്തരവ് പാലിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു. യാത്രക്കാര്‍ കുറവുള്ള സീസണായതിനാല്‍ മറ്റു വിമാന കമ്പനികളെ പോലെ സ്‌പൈസ് ജെറ്റും വരുന്ന സര്‍വീസുകള്‍ പുന:ക്രമീകരിച്ചിരുന്നു. അതിനാല്‍ ഡിജിസിഎ ഉത്തരവ് കമ്പനിയുടെ സര്‍വീസുകളെ ബാധിക്കില്ലെന്നും സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരില്ലെന്നും സ്‌പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി.
Content Highlights: SpiceJet flights restricted to 50% capacity by aviation regulator
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..