ചണ്ഡീഗഡ്: അമിതവേഗതയിലെത്തിയ മെഴ്‌സിഡസ് കാറിടിച്ച് പഞ്ചാബിലെ മൊഹാലിയില്‍ മൂന്ന് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേരും അപകടത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഡ്രൈവറെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. 

നിയന്ത്രണം വിട്ട രീതിയിലായിരുന്നു ഡ്രൈവര്‍ വാഹനമോടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ട് സൈക്കിള്‍ യാത്രികരെ തട്ടിയിട്ട ശേഷം മറ്റൊരു വാഹനത്തിലിടിച്ച മെഴ്‌സിഡസ് റോഡിന്റെ വശത്തുള്ള ഇരുമ്പ് വേലിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

അപകടസമയത്ത് കാറോടിച്ചിരുന്ന ആളും ഒപ്പമുണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. കാറില്‍ നിന്ന് മൂന്ന് ബിയര്‍ കുപ്പികളും കണ്ടെത്തി. മെഴ്‌സിഡസ് ഇടിച്ച വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ആളുകള്‍ ഓടിക്കൂടിയതിനിടെ മെഴ്‌സിഡസ് ഉപേക്ഷിച്ച് അതിലുണ്ടായിരുന്നവര്‍ കടന്നു.

മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ മറ്റ് മൂന്ന് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തവരെ വീടുകളില്‍ തിരികെ എത്തിക്കാനെത്തിയതായിരുന്നുമെഴ്‌സിഡസ് കാര്‍ ചെന്നിടിച്ച വാഹനം. ഇടിയുടെ ആഘാതത്തില്‍ വാഹനം രണ്ടോ മൂന്നോ തവണ കീഴ്‌മേല്‍ മറിഞ്ഞതായി അപകടം കണ്ടു നിന്നവര്‍ അറിയിച്ചു.

 

Content Highlights: Speeding Mercedes kills three in Mohali