നരേന്ദ്രമോദി, പുതിയ പാർലമെന്റ് മന്ദിരം | Photo: ANI
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ സ്മരണയ്ക്കായാണ് നാണയം പുറത്തിറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാണയം പുറത്തിറക്കുക.
നാണയത്തിന്റെ ഒരുവശത്ത് 'സത്യമേവ ജയതേ' എന്ന വാക്കുകള്‍ ആലേഖനം ചെയ്ത അശോക സ്തംഭത്തിന്റെ ചിത്രമുണ്ടാവും. ദേവനാഗരി ലിപിയിൽ 'ഭാരത്' എന്നും ഇംഗ്ലീഷില്‍ ഇന്ത്യയെന്നും ഇടത്തും വലത്തുമായി എഴുതിച്ചേര്‍ക്കും. നാണയത്തിന്റെ മറ്റൊരു വശത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രമുണ്ടാവും. സന്‍സദ് സങ്കുല്‍ എന്ന് ദേവനാഗരിയിലും പാര്‍ലമെന്റ് കോംപ്ലക്‌സ് എന്ന് ഇംഗ്ലീഷിലും ആലേഖനം ചെയ്യും.
44 മില്ലിമീറ്റര്‍ വ്യാസത്തില്‍ വൃത്താകൃതിയിലായിരിക്കും നാണയം. 35 ഗ്രാം ഭാരമുണ്ടാകും. 50% വെള്ളി, 40% ചെമ്പ്, 5% നിക്കല്‍, 5% സിങ്ക് എന്നിവ ഉപയോഗിച്ചാണ് നാണയം നിര്‍മിക്കുക.
ഞായറാഴ്ചയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. രാഷ്ട്രപതിക്ക് പകരം പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നത് ചൂണ്ടിക്കാട്ടി 19 പ്രതിപക്ഷപാര്‍ട്ടികള്‍ സംയുക്തമായി ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ബി.ആര്‍.എസും അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്. 25- ഓളം എന്‍.ഡി.എ.- എന്‍.ഡി.എ. ഇതര പാര്‍ട്ടികള്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Special RS 75 Coin New Parliament Building Opening PM Narendra Modi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..