അമൃത്സര്‍: വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ തള്ളിക്കളയാന്‍ പഞ്ചാബ്. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ പ്രതിരോധിക്കാന്‍ നിയമനിര്‍മാണം നടത്താന്‍ പഞ്ചാബ് നിയമസഭ പ്രത്യേക സമ്മേളനം ചേരും. തിങ്കളാഴ്ചയാണ് പ്രത്യേക നിയമസഭ സമ്മേളനം നടക്കുന്നത്.

മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്. ഇതോടെ വിവാദ കാര്‍ഷിക നിയമം തള്ളിക്കളയുന്ന ആദ്യ സംസ്ഥാനമായി പഞ്ചാബ് മാറും. ഓഗസ്റ്റ് 28 ന് അവസാനിച്ച നിയമസഭാ സമ്മേളനത്തില്‍ ഇതിനായി ഒരു പ്രമേയം പഞ്ചാബ് നിയമസഭ പാസാക്കിയിരുന്നു.

മന്ത്രിസഭയുടെ നീക്കത്തിന് പ്രതിപക്ഷമായ ശിരോമണി അകാലിദളും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷിക നിയമങ്ങളെ തുടക്കത്തില്‍ പിന്തുണച്ചിരുന്ന എസ്എഡി കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന്നിലപാട് മാറ്റിയിരുന്നു.

നിയമത്തിലൂടെയും നിയമനിര്‍മാണത്തിലൂടെയും 'ഫെഡറല്‍ വിരുദ്ധ' കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പോരാടുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.  കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ നിയമങ്ങള്‍ റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Content Highlights: Special Punjab Assembly session on Oct 19 to bring in Bill to negate farm laws