ന്യൂഡല്‍ഹി: സംസ്‌കൃതഭാഷ പഠിക്കുകയും നിത്യേന ഉപയോഗിക്കുകയും ചെയ്യുന്നത് നാഡികളെ ഉത്തേജിപ്പിക്കുമെന്നും അതിലൂടെ പ്രമേഹവും കൊളസ്‌ട്രോളും അകറ്റി നിര്‍ത്താമെന്നും ബിജെപി എംപി. മധ്യപ്രദേശില്‍ നിന്നുള്ള പാര്‍ലമെന്റംഗം ഗണേഷ് സിങ്ങാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്. യുഎസ് ആസ്ഥാനമായ ഗവേഷണസ്ഥാപനം നടത്തിയ പഠനത്തില്‍ സംസ്‌കൃതത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് തെളിഞ്ഞതായി ഗണേഷ് സിങ് അവകാശപ്പെട്ടു. 

സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റീസ് ബില്‍ വിഷയമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് സംസ്‌കൃതത്തിന്റെ ഗുണങ്ങളെ കുറിച്ച് ഗണേഷ് സിങ് വ്യക്തമാക്കിയത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് സംസ്‌കൃതത്തിലായാല്‍ കുറ്റമറ്റതാക്കാന്‍ കഴിയുമെന്ന് നാസ അഭിപ്രായപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. ചില ഇസ്ലാമിക ഭാഷകളുള്‍പ്പെടെ ലോകത്തിലെ 97 ശതമാനത്തോളം ഭാഷകളുടെ അടിസ്ഥാനം സംസ്‌കൃതമാണെന്നും ഗണേഷ് സിങ് കൂട്ടിച്ചേര്‍ത്തു. 

സംസ്‌കൃത ഭാഷ ഉപയോഗിക്കാന്‍ ഏറെ അനുയോജ്യവും വിഭിന്നമായ ആശയങ്ങള്‍ ഒറ്റവാക്യത്തില്‍ പ്രതിഫലിപ്പിക്കാനാവുന്നതുമാണെന്ന് ബില്ലിനെ കുറിച്ച് പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ പ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു. കൗ(cow), ബ്രദര്‍(brother)തുടങ്ങിയ ഇംഗ്ലീഷ് പദങ്ങള്‍ സംസ്‌കൃതത്തില്‍ നിന്ന് ആവിര്‍ഭവിച്ചതാണെന്നും സാരംഗി പറഞ്ഞു. സംസ്‌കൃതത്തിന് നല്‍കുന്ന പ്രോത്സാഹനം മറ്റൊരു ഭാഷയേയും പ്രതികൂലമായി ബാധിക്കില്ലെന്നും സാരംഗി കൂട്ടിച്ചേര്‍ത്തു. 

 

Content Highlights: Speaking Sanskrit Prevents Diabetes, Cholesterol: BJP Leader