തിരുവനന്തപുരം: ഡിസംബര്‍ 31 ലെ പ്രത്യേക നിയമസഭ സമ്മേളനം കഴിഞ്ഞാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ നെടുമങ്ങാട് എത്തിയത്. സഭാ സമ്മേളനത്തിനിടെ സ്പീക്കര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്ന ആരോപണം ശരിയല്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ സ്പീക്കറുടെ ഓഫീസ് പുറത്തു വിട്ടു. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസ്സാക്കുകയായിരുന്നു പ്രത്യേക സഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട. സര്‍ക്കാര്‍ സര്‍വ്വീസിലെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംവരണ കാലാവധി നീട്ടുന്നതിനുള്ള പ്രമേയവും നിയമ നിര്‍മ്മാണ സഭകളിലെ ആംഗ്ലോഇന്ത്യന്‍ പ്രാതിനിധ്യം എടുത്തു കളഞ്ഞതിനെരായ പ്രമേയവും സഭ പരിഗണിച്ചു. 9 മണിക്കാരംഭിച്ച സമ്മേളനം 12.38 ന് അവസാനിക്കുമ്പോഴും സ്പീക്കര്‍ ഡയസ്സിലുണ്ടായിരുന്നു.

നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സ്പീക്കര്‍ ഉദാഘടന ചടങ്ങില്‍ പങ്കെടുത്തു എന്ന വിവരം വസ്തുതാപരമല്ലെന്ന് തെളിയിക്കുന്നതാണ് പുറത്തു വിട്ട ദൃശ്യങ്ങള്‍.

ഒരു മണിക്ക് ഉദ്ഘാടന ചടങ്ങിന് സ്പീക്കര്‍ നെടുമങ്ങാടെത്തി. 10 മിനുട്ടിനകം മടങ്ങി. സ്ഥലം എംഎല്‍എ സി ദിവാകരന്‍ വിട്ടു നിന്ന ചടങ്ങിലാണ് സ്പീക്കര്‍ ഉദ്ഘാടകനായെത്തിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തേടാതിരുന്നത് വീഴ്ചയാണെന്ന് സ്പീക്കറും സമ്മതിക്കുന്നു. 

content highlights: Speaker attended the controversial inaugural function after assembly time,video out