ഗോരഖ്പൂര്‍:  ഉത്തര്‍ പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളും സമാജ്വാദി പാര്‍ട്ടി കീഴടക്കി. രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി. ബിഹാറിലെ അറാറിയ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് തിരിച്ചടിയായി. ഇവിടെ 61988 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആര്‍.ജെ.ഡി. വിജയിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമായ ഗോരഖ്പൂരില്‍ 21,881 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സമാജ്വാദി പാര്‍ട്ടിയുടെ പ്രവീണ്‍കുമാര്‍ നിഷാദ് വിജയിച്ചത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍  മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യോഗി ആദിത്യനാഥിന് ഇവിടെയുണ്ടായിരുന്നത്.

മായാവതിക്ക് നന്ദി, ഈ വിജയം ബിജെപിക്കുള്ള ജനങ്ങളുടെ മറുപടി- അഖിലേഷ് യാദവ്

ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എം.പി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഫൂല്‍പുരിലെ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് നാഗേന്ദ്ര സിങ് പട്ടേല്‍ 59,613 വോട്ടുകള്‍ക്കാണ് വിജയം നേടിയത്. 3,42,796 വോട്ടുകള്‍ പട്ടേലിന് ലഭിച്ചു. ബിജെപിക്ക് 2,83,183 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് ഇവിടെ 19,334 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ മൂന്നുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി മൗര്യ വിജയിച്ച മണ്ഡലമാണ് ഫൂല്‍പൂര്‍.

തോല്‍വി അപ്രതീക്ഷിതം- യോഗി ആദിത്യനാഥ്

ചരിത്രവിജയം നേടി അധികാരത്തിലെത്തി ഒരു വര്‍ഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിലെ തോല്‍വി ബിജെപിയ്ക്ക് വന്‍തിരിച്ചടിയാണ്. രണ്ട് മണ്ഡലങ്ങളിലും എസ്പി സ്ഥാനാര്‍ഥികള്‍ക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 25 വര്‍ഷത്തെ ശത്രുത മറന്ന് ഒന്നിച്ച ബിഎസ്പിയും എസ്പിയും ബിജെപിയെ തകര്‍ക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തിലെത്തി എന്ന് തെളിയിക്കുന്നതു കൂടിയായി ഈ തിരഞ്ഞെടുപ്പ്.പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരുന്നാല്‍ ഫലം ബിജെപിക്ക് എതിരാകുമെന്ന് ഈ ഉപതിരഞ്ഞെടുപ്പ് തെളിയിച്ചതോടെ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ യുപിയില്‍ മാറിയേക്കാമെന്ന് അഭിപ്രായങ്ങളുയര്‍ന്നുകഴിഞ്ഞു.

യുപി തിരഞ്ഞെടുപ്പ് ഫലം അന്ത്യത്തിന്റെ തുടക്കം- മമത

ബീഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന  ജെഹനാബാദ്  നിയമസഭാ മണ്ഡലത്തില്‍ കുമാര്‍കൃഷ്ണ മോഹനിലൂടെ ആര്‍ജെഡി വിജയം നേടി. ജെഡിയു ആയിരുന്നു ഇവിടെ പ്രധാന എതിരാളി.  അതേ സമയം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് മണ്ഡലമായ ഭഹാബുവയില്‍ ബിജെപിയുടെ റിങ്കി റാണി പാണ്ഡേ വിജയിച്ചു.

ഗൊരഖ്പുരും ഫൂല്‍പുരും അടയാളങ്ങള്‍, നടുക്കം വിടാതെ ബി.ജെ.പി

കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ ആശങ്കയുണ്ടെന്ന് രാഹുല്‍

up bjp"ബി.എസ്.പി. വോട്ടുകള്‍ ഇങ്ങനെ എസ്.പിയിലേക്ക് ഒഴുകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അന്തിമഫലം വന്നശേഷം കാര്യങ്ങള്‍ വിശകലനം ചെയ്യും. ഭാവിയില്‍ എസ്പി,ബിഎസ്പി, കോണ്‍ഗ്രസ് എന്നിവര്‍ ഒന്നിച്ചു വന്നാല്‍ എങ്ങനെ നേരിടണമെന്നതിന് തയ്യാറെടുക്കും. 2019ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നയങ്ങള്‍ രൂപീകരിക്കും". ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കെ.പി.മൗര്യ

"ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള അതൃപ്തിയാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായിരിക്കുന്നത്. സര്‍ക്കാര്‍ തങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു." എസ്പി നേതാവ് രാം ഗോപാല്‍ യാദവ്‌

Content Highlights: SP leading in Gorakhpur and Phulpur