ലഖ്‌നൗ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ബി.ജെ.പി. ഉത്തര്‍പ്രദേശില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്ന മുന്നറിയിപ്പുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആര്‍.എല്‍.ഡി. നേതാവ് ജയന്ത് ചൗധരിക്കൊപ്പം മീററ്റില്‍ നടന്ന കൂറ്റന്‍ റാലിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. 

2017-ല്‍ 403-ല്‍ 312 സീറ്റുകളും പിടിച്ച് അധികാരത്തിലേറിയ ബിജെപിക്ക് ഇത്തവണ രണ്ടക്കം കടക്കാന്‍ സാധിക്കില്ലെന്നാണ് അഖിലേഷിന്റെ അവകാശവാദം. 'ജനങ്ങള്‍ക്കിടയിലെ രോഷം നോക്കുമ്പോള്‍ ബി.ജെ.പി. 400 സീറ്റിലെങ്കിലും പരാജയപ്പെടാന്‍  സാധ്യതയുണ്ട്‌. പടിഞ്ഞാറന്‍ യു.പിയില്‍നിന്ന് ബി.ജെ.പി. തുടച്ച് നീക്കപ്പെടും' അഖിലേഷ് പറഞ്ഞു.

ബി.ജെ.പിയുടെ എല്ലാ കാര്യങ്ങളും വ്യാജമാണ്. അവരുടെ വാഗ്ദാനങ്ങളെല്ലാം വ്യാജമാണ്. അവര്‍ ഒരു വ്യാജപുഷ്പമാണ്, ഒരിക്കലും സുഗന്ധത്തിന്റെ ഉറവിടമാകാന്‍ അവര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.

ഗൊരഖ്പൂരിലെ ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, സമാജ് വാദി പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയാണ്  ബിജെപിക്ക് നേരെയുള്ള അഖിലേഷിന്റെപരിഹാസം. അഴിമതികള്‍ക്കും അവരുടെ ഖജനാവ് നിറയ്ക്കുന്നതിനും അനധികൃത കൈയേറ്റങ്ങള്‍ക്കും, മാഫിയകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനും ചുവന്നതൊപ്പിക്കാര്‍ യു.പിയില്‍ അധികാരത്തിനായി കൊതിക്കുന്നുവെന്ന് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ സൂര്യന്‍ അസ്തമിക്കും. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ ബിജെപിക്കുള്ള വാതിലുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതായും അഖിലേഷ് പറഞ്ഞു.