ലക്‌നൗ: സീറ്റുകളുടെ എണ്ണത്തെ ചൊല്ലി യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യചര്‍ച്ചകളില്‍ കല്ലുകടി വന്നതോടെ സമവായത്തിലെത്തിക്കാന്‍ പ്രിയങ്ക ഗാന്ധി രംഗത്ത്. മുഖ്യമന്ത്രി അഖിലേഷ് യാദവുമായി സഖ്യചര്‍ച്ചകള്‍ക്കായി പ്രിയങ്ക ദൂതനെ അയച്ചു.

കോണ്‍ഗ്രസിന്റെ ഒമ്പത് സിറ്റിങ് സീറ്റുകളില്‍ ഉള്‍പ്പടെ 220 സ്ഥാനാര്‍ഥികളെ എസ്.പി പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ചകള്‍ പ്രതിസന്ധിയിലായത്. ഗാന്ധി കുടുംബത്തിന്റെ തട്ടകമായ അമേഠി, റായ്ബറേലി എന്നിവടങ്ങളിലും എസ്.പി ചില സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

ലകൗനവിലെ ഒരു ഹോട്ടലില്‍ തങ്ങിയാണ് പ്രിയങ്കയുടെ ദൂതന്‍ ധീരജ് സമവായശ്രമങ്ങള്‍ നടത്തുന്നത്. എസ്.പിയിലെ പോരില്‍ കാര്യങ്ങള്‍ അനുകൂലമാക്കിയെടുത്തതിലൂടെ മികച്ച ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി അഖിലേഷ്. ആദ്യം 100 സീറ്റ് നല്‍കാമെന്ന് സമ്മതിച്ച എസ്.പി ഇപ്പോള്‍ അത്രയും നല്‍കാന്‍ കഴിയില്ല എന്ന നിലപാടിലാണ്.

അതേസമയം ആദ്യം 103 സീറ്റ് ചോദിച്ച കോണ്‍ഗ്രസ് വ്യാഴാഴ്ച 138 സീറ്റ് എന്ന ആവശ്യം ഉന്നയിച്ചതും എസ്.പിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍.എല്‍.ഡിയെ കൂടി സഖ്യത്തില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് കൂടി നല്‍കാനാണ് 138 സീറ്റ് ചോദിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം