ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബിജെപിയെ തുടച്ചു നീക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ബംഗാളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയ മമത ബാനര്‍ജിയുമായി സഹകരിക്കേണ്ട സാഹചര്യം വന്നാല്‍ അതിന് തയ്യാറാണെന്നും മമതയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഉചിതമായ സമയത്ത് സഖ്യം സംബന്ധിച്ച കാര്യങ്ങള്‍ മമതയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് പോലും കിട്ടില്ലെന്നും അഖിലേഷ് പറഞ്ഞു. 2017ല്‍ എസ്.പി കോണ്‍ഗ്രസുമായി സഹകരിച്ചുവെന്നും എന്നാല്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞുവെന്നും അഖിലേഷ് പറഞ്ഞു.

പ്രിയങ്ക ഗാന്ധിയേയും അദ്ദേഹം വിമര്‍ശിച്ചു. ലഖിംപുറില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടപ്പോള്‍ അഖിലേഷ് യാദവ് എവിടെയായിരുന്നുവെന്നു ചോദിച്ച പ്രിയങ്ക കേന്ദ്രമന്ത്രിയുടെ മകനെതിരെ പ്രക്ഷോഭങ്ങളില്‍ അഖിലേഷിന്റെ അസാന്നിധ്യത്തേയും ചോദ്യം ചെയ്തിരുന്നു.

ഉത്തര്‍പ്രദേശില്‍ പ്രാദേശിക പാര്‍ട്ടികളുടേയും ഒപ്പം കര്‍ഷകരുടേയും പിന്തുണയോടെ സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലെത്താമെന്ന കണക്കുകൂട്ടലിലാണ് സമാജ്‌വാദി പാര്‍ട്ടിയും അഖിലേഷ് യാദവും.

Content Highlights: sp chief akhilesh yadav welcomes mamata banerjee and says congress wont win any seats in up