കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ചു. ഗാംഗുലി രാഷ്ട്രയത്തിലേക്കിറങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം.

ബിസിസിഐ പ്രസിഡന്റിന്റെ രാജ്ഭവൻ സന്ദര്‍ശനം 'ഉപചാരപൂർവ്വമുള്ള ക്ഷണം' എന്നാണ് സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്. വ്യത്യസ്തമായ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്ന് ഗവര്‍ണര്‍ ധന്‍കര്‍ അവകാശപ്പെട്ടു. അതേ സമയം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗാംഗുലി തയ്യാറായില്ല.

'ഇന്ന് വൈകുന്നേരം ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തി. 1864-ല്‍ സ്ഥാപിതമായ രാജ്യത്തെ ഏറ്റവും പഴയ ക്രിക്കറ്റ് മൈതാനമായ ഈഡന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു', ഗാംഗുലിക്കൊപ്പമുള്ള ഫോട്ടോയോടൊപ്പം ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. 

അടുത്ത വര്‍ഷം പശ്ചിമ ബംഗാളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ഏറെ നാളായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

content highlights: Sourav Ganguly makes 'courtesy call' to Governor Dhankar ahead of Bengal polls