പുണെ: ബിജെപിയിലെത്തിയതിന് ശേഷം തനിക്ക് നന്നായി കിടന്നുറങ്ങാന്‍ സാധിക്കുന്നുണ്ടെന്നും അന്വേഷണമൊന്നുമില്ലെന്നും മഹാരാഷ്ട്രയിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ഷവര്‍ദ്ധന്‍ പാട്ടീല്‍. 

പ്രതിപക്ഷത്തെ ലക്ഷ്യം വെക്കുന്നതിനായി സിബിഐ, ഇ.ഡി. എന്‍സിബി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന്‌ എന്‍സിപി അധ്യക്ഷന്‍ ശരദ്‌ പവാര്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചതിന്‌ പിന്നാലെയാണ് ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍.

പുണെയിലെ മവാലില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പാട്ടീലിന്റെ പരാര്‍ശം. എന്തുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് വേദിയില്‍ തന്റെ സമീപത്തിരുന്ന  ആള്‍ തന്നോട് ചോദിച്ചെന്ന് പാട്ടീല്‍ പറഞ്ഞു. ബിജെപിയിലേക്ക് തങ്ങള്‍ക്ക് പോകേണ്ടി വന്നെന്ന് മറുപടി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. 'ബിജെപിയില്‍ എല്ലാം എളുപ്പവും സമാധാനപരവുമാണ്. ഒരു അന്വേഷണവും ഇല്ലാത്തിനാല്‍ എനിക്ക് നന്നായി ഉറങ്ങാന്‍ സാധിക്കുന്നുണ്ട്' പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

പുണെയിലെ ഇന്ദാപുര്‍ മുന്‍ എംഎല്‍എ ആയ പാട്ടീല്‍ 2019-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.