പ്രതീകാത്മക ചിത്രം | Photo: Rajanish Kakade|AP
ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടെ മാതൃകയിൽ ഇനി റെയില്‍വേ സ്റ്റേഷനുകള്‍ക്കും യൂസര്‍ഫീ ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച ശുപാര്‍ശ റെയില്‍വേ മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി കൈമാറി. മന്ത്രാലയം ഉടന്‍ വിജ്ഞാപനം ഇറക്കിയേക്കുമെന്നാണ് വിവരം.
അടുത്തകാലത്ത് നവീകരിച്ചതോ, പുതുക്കിപ്പണിയാന്‍ പോകുന്നതോ ആയ സ്റ്റേഷനുകളില്‍ നിന്ന് ട്രെയിനില്‍ കയറാന്‍ ഇനി മുതല്‍ യൂസര്‍ഫീ നല്‍കേണ്ടിവരും. അതുപോലെ, ഈയിടെ നവീകരിച്ചതോ, പുതുക്കിപ്പണിയാന്‍ പോകുന്നതോ ആയ സ്റ്റേഷനുകളില്‍ ഇറങ്ങുന്നതിനും ഫീസ് ഈടാക്കും. 10 മുതല്‍ 50 രൂപ വരെയണ് ഈ ഇനത്തില്‍ ഈടാക്കുകയെന്ന ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്കിനൊപ്പം വിമാനത്താവളത്തിന്റെ യൂസര്‍ ഫീ ചേര്‍ക്കുന്നതുപോലെ സ്റ്റേഷന്റെ യൂസര്‍ഫീസും റെയില്‍വേ ടിക്കറ്റിനൊപ്പം ചേര്‍ക്കും. ഉപയോക്താക്കളില്‍ നിന്ന് അഞ്ച് തരത്തിലായിരിക്കും ഫീസ് ഈടാക്കുക. ഒന്നാം ക്ലാസ് എസി ടിക്കറ്റ് എടുക്കുന്നവര്‍ക്കായിരിക്കും ഏറ്റവും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരിക. തുടര്‍ന്ന് രണ്ടാം ക്ലാസ് എസി, മൂന്നാം ക്ലാസ് എസി, സ്ലീപ്പര്‍ കാറ്റഗറി, റിസര്‍വ് ചെയ്യാത്ത ക്ലാസുകള്‍ എന്നിവയ്ക്കും നിരക്ക് ബാധകമാണ്.
റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തില്‍ പങ്കാളികളാകുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഇത് വരുമാനം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതു വഴി കൂടുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ സ്റ്റേഷന് വികസനത്തില്‍ പങ്കാളികളാകാന്‍ താല്പര്യപ്പെടുമെന്നണ് റെയില്‍വേ കണക്കുകൂട്ടുന്നത്.
അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയേക്കുമെന്ന് ഉന്നത റെയില്‍വേ വ്യത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അടുത്തകാലത്ത് നവീകരിച്ച സ്റ്റേഷനുകള്‍ക്ക് മാത്രം യൂസര്‍ ഫീ ഈകക്കണോ അതോ നവീകരണം നടക്കുന്ന സ്റ്റേഷനുകള്‍ക്കും ഇത് ഈടാക്കണോ എന്ന കാര്യത്തില്‍ ഉടന്‍ വ്യക്തത വരുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
സ്റ്റേഷനുകള്‍ക്ക് യൂസര്‍ഫീസ് ഏര്‍പ്പെടുത്തുന്നതോടെ ടിക്കറ്റ് നിരക്കില്‍ വര്ധവുണ്ടാകും. ഉദാഹരണത്തിന്, മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കായി ടിക്കറ്റെടുക്കുന്ന യാത്രക്കാരന് രണ്ട് സ്റ്റേഷനുകളുടേയും യൂസര്‍ ഫീസ് നല്‍കേണ്ടിവരും. എന്നാല്‍ ചെറിയ സ്റ്റേഷനുകളില്‍ നിന്ന് മുംബൈ, ഡല്‍ഹി പോലുള്ള സ്റ്റേഷനുകളിലേക്ക് ടിക്കറ്റെടുക്കുന്ന യാത്രക്കാര്‍ സാധാരണന നിരക്കില്‍ 50 ശതമാനം കുറച്ച് നല്കിയാല് മതിയാകും.
Content Highlights: Soon, You Will Have to Pay Rs 10-15 Extra for Boarding Trains From Revamped Stations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..