ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസ്, ബി.ആര്‍ അംബേദ്കര്‍, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ നേതാക്കളുടെ സംഭാവനകള്‍ സംബന്ധിച്ച വിവരങ്ങള്‍ മുഖ്യധാരാ ഇന്ത്യന്‍ ചിന്തകളില്‍നിന്ന് ഇല്ലാതാക്കിയെന്ന് പ്രധാനമന്ത്രി മോദി.

സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തിന്റെ വളര്‍ച്ചയിലും ഒരു കുടുംബത്തെ മാത്രം മഹത്വവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്ന് മോദി ആരോപിച്ചു. ഇന്ത്യന്‍ സമ്പ്രദായങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന് മുന്‍പ് തന്നെ അടിത്തറ പാകിയെങ്കിലും ഇന്നും നാം ഇന്ത്യയെ കാണുന്നത് ഇംഗ്ലീഷുകാരുടെ കണ്ണിലൂടെയാണ്. നമ്മുടെ പൈതൃകവും, സംസ്‌കാരവും, വിദ്യാഭ്യാസ സമ്പ്രദായവുമാണ് ഇതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കുന്നത്.

ചെങ്കോട്ടയില്‍ ആസാദ് ഹിന്ദ് ഫൗജ് (ഇന്ത്യന്‍ നാഷണല്‍ ആര്‍മി) സ്ഥാപനത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഭാഷ് ചന്ദ്ര ബോസ്, ബി.ആര്‍ അംബേദ്കര്‍, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ മുന്നോട്ടുവെച്ച മാര്‍ഗം നാം പിന്തുടരുകയായിരുന്നെങ്കില്‍, രാജ്യത്തെ സാഹചര്യങ്ങള്‍ ഏറെ വ്യത്യസ്തമായിരുന്നേനെയെന്ന് മോദി പറഞ്ഞു. തന്റെ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.