ന്യൂഡല്‍ഹി: കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ടുപേരുമോ, ഇവരില്‍ വരുമാനം ഉള്ള ഒരാളോ മരിച്ച കുട്ടികള്‍ക്കെല്ലാം സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്നാണ് ആവശ്യം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നവോദയ വിദ്യാലയങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കണം. രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷ നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും സോണിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ കോവിഡ് മൂലം അനാഥരായ കുട്ടികളെയെല്ലാം ദത്തെടുക്കുമെന്ന് അവിടുത്തെ കോണ്‍ഗ്രസ് നേതാവ് ജി.എസ് ബാലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് ഈ വിഷയത്തില്‍ സോണിയ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്.

നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിച്ചത് തന്റെ ഭര്‍ത്താവും അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും ആയിരുന്ന രാജീവ് ഗാന്ധിയുടെ വലിയ ഭരണ നേട്ടമായിരുന്നുവെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ അടക്കമുള്ള മികവുള്ള വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കണം എന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു.

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ ആയിരക്കണക്കിന് കുട്ടികളെയാണ് അനാഥരാക്കിയത്. അവരെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. രക്ഷിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിനും അവശേഷിക്കുന്ന ഒരാള്‍ നന്നേ ബുദ്ധിമുട്ടേണ്ടിവരുന്ന സാഹചര്യമാണുള്ളത് എന്നകാര്യവും സോണിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സോണിയ ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ദുരിതം രാജ്യത്ത് ഏറ്റവുമധികം നേരിടേണ്ടിവന്നത് കുട്ടികള്‍ക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി പേര്‍ക്കാണ് മാതാപിതാക്കളെ നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സുപ്രധാന നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നവോദയ വിദ്യാലയങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്നും അവര്‍ക്ക് മികച്ച ഭാവി ഉറപ്പാക്കണമെന്നുമാണ് സോണിയയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ അത് ഗൗരവമായി കാണണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കോവിഡ് മൂലം അനാഥരായ കുട്ടികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ യു.പി പോലീസ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടികളെ കടത്തുന്ന സംഘങ്ങള്‍ ആകാം അവയ്ക്ക് പിന്നിലെന്നായിരുന്നു യു.പി പോലീസിന്റെ മുന്നറിയിപ്പ്.

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് 25 വയസുവരെ 2500 രൂപവീതം പ്രതിമാസം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തിരുന്നു. കോവിഡ് മൂലം അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനായി പദ്ധതികള്‍ കൊണ്ടുവരുമെന്ന് യുപിയിലെയും ഹിമാചല്‍ പ്രദേശിലെയും ബിജെപി സര്‍ക്കാരുകളും പ്രഖ്യാപിച്ചിട്ടുണ്ട്.