ന്യൂഡല്‍ഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു.ശശി തരൂര്‍, മനീഷ് തിവാരി എന്നീ പേരുകളാണ് പകരം പരിഗണിക്കുന്നത്. രാഹുല്‍ ഗാന്ധി തന്നെ സഭാ നേതാവായി വരണം എന്നാണ് എംപിമാരില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ അതിന് സമ്മതം മൂളിയിട്ടില്ല.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ് അധീര്‍ രഞ്ജന്‍ ചൗധരി. മമതയുമായി അടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ആദ്യപടിയായാണ് അധീറിനെ മാറ്റാനുള്ള ആലോചനയും. നിയമസഭാ തിരഞ്ഞെടുപ്പില്‍ അധീറിനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്-ഇടത് സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് അധീറിനെ മാറ്റാനുള്ള ആലോചന സജീവമായത്.

പാര്‍ട്ടിയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളെ വിമര്‍ശിച്ച നേതാവ് കൂടിയാണ് അധീര്‍. പാര്‍ലമെന്റില്‍ അടക്കം സര്‍ക്കാരിനെതിരേ തൃണമൂലുമായി കൈകോര്‍ക്കാന്‍ അധീറിന്റെ മാറ്റം സഹായിക്കുമെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ്. ബംഗാള്‍ ഗവര്‍ണറെ നീക്കണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് തൃണമൂല്‍. ഇതിനായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം തൃണമൂല്‍ തേടിയതായാണ് റിപ്പോര്‍ട്ട്.

നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്ന ശശി തരൂരും മനീഷ് തിവാരിയും തിരുത്തല്‍വാദ സംഘത്തില്‍ പെടുന്നവരാണ്. ഇതില്‍ മനീഷ് തിവാരിയെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കണം എന്ന നിര്‍ദേശം മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മുന്നോട്ടുവച്ചിട്ടുണ്ട്.