ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചതിന് കോണ്‍ഗ്രസിന്റെ തെലങ്കാന യൂണിറ്റിന് അഭിനന്ദന കത്തയച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. ഗാന്ധി കുടുംബവുമായി ഊഷ്മളമായ ഒരു ബന്ധമായിരുന്നില്ല റാവു പുലര്‍ത്തിയിരുന്നത് എന്നതിനാല്‍ തന്നെ ഗാന്ധി കുടുംബത്തില്‍നിന്നുളള അസാധാരണമായ നീക്കമായാണ് ഇതിനെ കാണുന്നത്.
'സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിന് ശേഷം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് അദ്ദേഹം പ്രധാനമന്ത്രിയായത്. അദ്ദേഹത്തിന്റെ ധീരമായ നേതൃപാടവത്തില്‍ നിരവധി വെല്ലുവിളികളെ മറികടക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 1991 ജൂലൈ 24-ലെ കേന്ദ്ര ബജറ്റാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിതക പരിവര്‍ത്തനത്തിന് വഴിവെച്ചത്.' സോണിയ ഗാന്ധി കുറിച്ചു.
ജൂലായ് 24-ന് ഇന്ത്യ സാമ്പത്തിക പരിവര്‍ത്തനത്തിന്റെ ധീരമായ ഒരു പാതയിലേക്ക് നീങ്ങി. നരസിംഹ റാവുവും മന്മോഹന് സിങ്ങും അതില്‍ പ്രധാനപങ്കുവഹിച്ചു. ഇന്ത്യയുടെ വളര്‍ച്ചയുടെ കഥയും അത് സാധ്യമാക്കിയ ശ്രദ്ധേയരായ വ്യക്തികളെ കുറിച്ചും അറിയാനുള്ള താല്പര്യം ജനിപ്പിക്കാന്‍ ഈ പരിപാടിക്ക്കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും കുറിച്ചു.
നരസിംഹ റാവുവിന്റെ സംഭാവനകളെ പരസ്യമായി സോണിയ ഗാന്ധി അംഗീകരിക്കുന്നതും അഭിനന്ദിക്കുന്നതും ഇതാദ്യമായാണ്. 1996 വരെയുണ്ടായിരുന്ന ഭരണകാലയളവില്‍ പാര്‍ട്ടിയുമായി ഭിന്നതകളും ശക്തമായിരുന്നു. 96-ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചത് ഈ ഭിന്നതയാണെന്ന് പിന്നീട് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതും റാവുവിന്റെ ഭരണകാലയളവിലാണ്.
Content Highlights:Sonia, Rahul pay rare tributes to Narasimha Rao
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..