ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിൽ ആശങ്കപ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. ജനങ്ങളുടെ ദുരിതങ്ങളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും ലാഭം കൊയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കത്തിൽ സോണിയ കുറ്റപ്പെടുത്തി.

ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. രാജ്യത്തെ പലഭാഗങ്ങളിലും പെട്രോൾ വില നൂറ് കടന്നു. ഉയരുന്ന ഡീസൽ വില കർഷകരുടെ ദുരിതങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. അസംസ്കൃത എണ്ണവില കോൺഗ്രസ് സർക്കാർ അധികാരത്തിലുണ്ടായിരുന്ന സമയത്തെ അപേക്ഷിച്ച് പകുതിയോളമാണെന്നും അവർ ചൂണ്ടിക്കാട്ടി.

കേന്ദ്രം പെട്രോളിനും ഡീസലിനും അമിത എക്സൈസ് തീരുവ ഈടാക്കുകയാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ഇത്തരം വിവേകശൂന്യമായ നടപടികളെ സർക്കാരിന് എങ്ങനെ ന്യായീകരിക്കാനാവുന്നുവെന്ന് തനിക്ക് മനസ്സിലാക്കാനാവുന്നില്ലെന്നും അവർ പറഞ്ഞു. എക്സസൈസ് തീരുവ ഭാഗികമായി പിൻവലിച്ചുകൊണ്ട് ഇന്ധനവില കുറയ്ക്കണം. ഒഴിവുകഴിവുകൾ നിരത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം പരിഹാരങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും സോണിയാ ഗാന്ധി കത്തിൽ പറയുന്നു.


Content Highlights: Fuel Price Hike: Sonia Gandhi writes open letter to PM Modi