സോണിയാ ഗാന്ധി|Photo: ANI
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യാന്‍ വിളിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ബുധനാഴ്ച ഹാജരായേക്കില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് സ്ഥിരീകരിച്ച് ഐസൊലേഷനില്‍ കഴിയുന്ന സോണിയ ചോദ്യംചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
ജൂണ്‍ രണ്ടിനാണ് സോണിയാ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അന്നുമുതല്‍ സ്വവസതിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ് അവര്‍. അതേസമയം സോണിയ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നതിന് കോവിഡ് തടസമാകില്ലെന്നാണ് നേരത്തെ പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരേയും കോവിഡ് നെഗറ്റീവാകാത്ത സാഹചര്യത്തില്‍ സോണിയയ്ക്ക് നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സാധിച്ചേക്കില്ല.
കേസില്‍ രാഹുല്‍ ഗാന്ധിക്കും ഇ.ഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ജൂണ്‍ രണ്ടിന് ഹാജരാകാനായിരുന്നു രാഹുലിനോട് ഇഡി ആവശ്യപ്പെട്ടത്. എന്നാല്‍ ആ ദിവസം വിദേശത്തായതിനാല്‍ രാഹുല്‍ അസൗകര്യം അറിയിച്ചതോടെ ഹാജരാകാനുള്ള തീയതി ജൂണ്‍ 13ലേക്ക് നീട്ടിനല്‍കിയിരുന്നു.
അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനെ (എ.ജെ.എല്‍) യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതില്‍ ചതി, ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയവ നടന്നുവെന്നാണ് ഇ.ഡി കേസ്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പണമിടപാട് നടന്നിട്ടില്ലെന്നും ശമ്പളവും മറ്റും കൊടുത്തുതീര്‍ക്കുന്നതിന് കടം, ഓഹരികളാക്കി മാറ്റുക മാത്രമാണുണ്ടായതെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. കളിപ്പാവകളായ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പേടിപ്പെടുത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന് ബന്‍സാല്‍ തുടങ്ങിയവരെ ഇ.ഡി. അടുത്തിടെ ചോദ്യം ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..