ന്യൂഡല്‍ഹി: അതിരൂക്ഷ വായുമലിനീകരണം ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് കുറച്ചുദിവസത്തേക്ക് ഡല്‍ഹിയില്‍നിന്ന് മാറിനില്‍ക്കാന്‍ ഡോക്ടമാരുടെ നിര്‍ദേശം.
സോണിയയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നെഞ്ചില്‍ ഗുരുതരമായ അണുബാധയുള്ളതിനാലാണ് സോണിയയ്ക്ക് ഡോക്ടര്‍മാര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബിഹാര്‍ തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യണമെന്ന് പാര്‍ട്ടിയിലെ ചില നേതാക്കള്‍ ആവശ്യം ഉയര്‍ത്തിയ ഘട്ടത്തിലാണ് സോണിയ ഡല്‍ഹിയില്‍നിന്ന് മാറിനില്‍ക്കാന്‍ ഒരുങ്ങുന്നത്.
ഗോവയിലേക്കോ ചെന്നൈയിലേക്കോ ആവും സോണിയ കുറച്ചുദിവസത്തേക്ക് മാറി നില്‍ക്കുക. വെള്ളിയാഴ്ച ഉച്ചയോടെ ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന സോണിയയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ഉണ്ടാകും. ഡല്‍ഹിയിലെ വായുമലിനീകരണം സോണിയയുടെ ആസ്തമയും നെഞ്ചിലെ അണുബാധയും കൂടാന്‍ കാരണമായിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജൂലൈ 30ന് വൈകുന്നേരം സോണിയയെ സര്‍ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സെപ്റ്റംബര്‍ 12ന് പതിവ് ആരോഗ്യ പരിശോധനയ്ക്കായി സോണിയ വിദേശത്തേക്കും പേയിരുന്നു. രാഹുല്‍ ഗാന്ധിയായിരുന്നു ആ യാത്രയില്‍ സോണിയയ്ക്ക് ഒപ്പമുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് സെപ്റ്റംബര്‍ 14 മുതല്‍ 23 വരെ നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇരുവര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചിരുന്നുമില്ല.
content highlights: sonia gandhi will shift out of delhi as pollution affects her health