ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരെ താക്കീത് ചെയ്ത് സോണിയ ഗാന്ധി. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ കഴിഞ്ഞ ദിവസം കേരളത്തില്‍ നടത്തിയ കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ച് കയറാന്‍ ശ്രമിച്ച കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരെയാണ് സോണിയ ഗാന്ധി താക്കീത് ചെയ്തത്.
ദേശീയ തലത്തില്‍ സ്ത്രീ പ്രവേശനത്തിന് എതിരായുള്ള പ്രചാരണം വേണ്ടെന്ന് സോണിയ ഗാന്ധി എം.പിമാരോട് വ്യക്തമാക്കി. സ്ത്രീ പ്രവേശനത്തെ എതീര്‍ക്കുന്നത് കോണ്‍ഗ്രസ് ദേശിയ തലത്തില്‍ ഉയര്‍ത്തി പിടിക്കുന്ന ലിംഗസമത്വത്തിന് എതിരാണ്. സ്ത്രീ പ്രവേശനതിനെതിരായ പ്രതിഷേധം പ്രാദേശിക തലത്തില്‍ കൈകാര്യം ചെയ്താല്‍ മതിയെന്നും എം.പിമാര്‍ക്ക് സോണിയ നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്നാണ് ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം കേന്ദ്രനേതൃത്വവുമായി ചര്‍ച്ചചെയ്ത ശേഷം മാത്രമേ തീരുമാനിക്കുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.
സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയതോടെ ആണ് ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് വേണമെന്ന ആവശ്യത്തില്‍ നിന്ന് സംസ്ഥാന നേതൃത്വം പിന്നോട്ടുപോയത്. ബുധനാഴ്ച്ച ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്ത്രീ പ്രവേശനം തടയുന്നതിന് വേണ്ടി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് യു.ഡി.എഫ്. എം.പിമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്ത് ശേഷം മാത്രമേ ഓര്‍ഡിനന്‍സ് സംബന്ധിച്ച ആവശ്യമുന്നയിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുവെന്ന് വ്യാഴാഴ്ച കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
അതേസമയം, സോണിയാ ഗാന്ധി അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പ്രതിഷേധം തടഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുകള്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണ്. കേരളത്തിലെ സാഹചര്യത്തിനനുസരിച്ച് നിലപാട് സ്വീകരിക്കാമെന്ന് ദേശീയ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. അതനുസമരിച്ചാണ് ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചതും കൈയ്യില്‍ റിബണ്‍ കെട്ടി പാര്‍ലമെന്റില്‍ ചെന്നതും. ഓര്‍ഡിനന്‍സ് ഇറക്കുന്നത് സംബന്ധിച്ച നിലപാടില്‍ ഒരു ആശയക്കുഴപ്പവും ഇല്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
Content Highlights: Sonia Gandhi, black band protest, Congress MPs