ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ സോണിയാ ഗാന്ധിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് മുന്‍ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍. കലാപത്തിന്റെ ഗൂഢാലോചന സോണിയയുടെ വസതിയിലാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

സോണിയയെ വിളിച്ചുവരുത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യണം. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സോണിയാ ഗാന്ധിയോട് നുണപരിശോധനയ്ക്ക് വിധേയയാകാന്‍ നിര്‍ദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി കോടതി യശ്പാല്‍ സിങ് എന്നയാള്‍ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് സുഖ്ബീര്‍ ബാദല്‍ സോണിയാ ഗാന്ധിക്കെതിരെ രംഗത്ത് വന്നത്. 

എന്‍.ഡി.എ അധികാരത്തില്‍ വന്നതിന് പിന്നാലെ 2015ലാണ് സിഖ് വിരുദ്ധ കലാപം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസ് അവസാനിപ്പിച്ചതാണെന്നും അത് വീണ്ടും തുറക്കാന്‍ മോദി സര്‍ക്കാര്‍ വേണ്ടിവന്നുവെന്നും ബാദല്‍ പറഞ്ഞു. കലാപം പുനരന്വേഷിക്കാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ബാദല്‍ പ്രശംസിക്കുകയും ചെയ്തു.

Content Highlights:  1984 Anti Sikh Riot, Sonia Gandhi, Sukhbir Badal Singh