ഇ.ഡി. ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആസ്ഥാനത്ത് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന എം.പിമാരായ മുകുൾ വാസ്നിക്, വി.കെ. ശ്രീകണ്ഠൻ, കെ.സി. വേണുഗോപാൽ, അഭിഷേക് മനു സാങ്വി, അധീർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, പി.ചിദംബരം, എം.കെ. രാഘവൻ, ആന്റോ ആന്റണി, കെ. മുരളീധരൻ തുടങ്ങിയവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ
ന്യൂഡല്‍ഹി: നാഷണള്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ചോദ്യംചെയ്യുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമായി. പ്രതിഷേധിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരം, ജയ്റാം രമേശ്, അശോക് ഗഹ്ലോത്ത്, സച്ചിന് പൈലറ്റ്, ശശി തരൂര്‍ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സോണിയ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച് പാര്‍ട്ടി ആസ്ഥാനത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായി കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
തങ്ങളെ അജ്ഞാതമായ സ്ഥലത്തേക്ക് പോലീസ് കൊണ്ടുപോകുകയാണെന്ന് പോലീസ് വാഹനത്തില്‍ വെച്ച് പങ്കെുവെച്ച വീഡിയോയില്‍ ശശി തരൂര്‍ പറഞ്ഞു. മറ്റു രണ്ടു ബസുകളില്‍ കോണ്‍ഗ്രസ് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സര്‍ക്കാര്‍ അതിന്റെ ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോണിയാ ഗാന്ധിയെ ഇ.ഡി. ചോദ്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്ത് നിരവധി ഇടങ്ങളില്‍ പ്രതിഷേധം നടക്കുകയാണ്. അസമിലെ ഗുവാഹത്തിയില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ബംഗളൂരുവില്‍ പ്രതിഷേധക്കാര്‍ ഒരു കാറിന് തീവെച്ചു. വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവർത്തകർ തീവണ്ടികള്‍ തടയുകയും ചെയ്തിട്ടുണ്ട്.
നേരത്തെ എഐസിസി ആസ്ഥാനത്തുനിന്നാണ് സോണിയ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു. സോണിയ ഗാന്ധിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം മുഴക്കി. സോണിയയെ പിന്തുണയ്ക്കുന്ന പ്ലക്കാഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. സോണിയ ഗാന്ധിയുടെ അനാരോഗ്യം പരിഗണിച്ച് ചോദ്യം ചെയ്യല്‍ ദീര്‍ഘമായി നീണ്ടുനില്‍ക്കില്ലെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഓന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..