സോണിയ ഗാന്ധി | Photo : ANI
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജൂലായ് 21 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ നോട്ടീസ്. ജൂണ്‍ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും കോവിഡ് അനുബന്ധവിശ്രമത്തിലായിരുന്ന സോണിയ സമയം നീട്ടി ചോദിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നോട്ടീസ് നല്‍കിയത്.
കേസില്‍ മൊഴി രേഖപ്പെടുത്തുന്നതിനാണ് സോണിയയോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ ജൂണ്‍ എട്ടിന് ഹാജരാകേണ്ടിയിരുന്ന സോണിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജൂണ്‍ 12 ന് സോണിയയെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 20 നാണ് ആശുപത്രി വിട്ടത്. വിശ്രമത്തിനുള്ള കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ജൂണ്‍ 23 ന് ഹാജരാകാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയേയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂറാണ് രാഹുല്‍ ചോദ്യം ചെയ്യലിന് വിധേയനായത്. 2016 മുതല്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അന്വേഷണം നടന്നു വരികയാണ്. യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ സോണിയയും രാഹുലുമാണ് ഭൂരിഭാഗം ഓഹരികളുടേയും ഉടമകള്‍. ഇരുവര്‍ക്കും 38 ശതമാനം വീതം ഓഹരികള്‍ സ്വന്തമാണ്. 2013 ല്‍ സുബ്രഹ്മണ്യം സ്വാമി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് യങ് ഇന്ത്യനെതിരെ അന്വേഷണം ആരംഭിച്ചത്.
ചതി, ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് യങ് ഇന്ത്യനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള അസ്സോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡാണ് നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകര്. ജവഹര്‍ ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച അസ്സോസിയേറ്റഡ് പ്രസിനെ യങ് ഇന്ത്യന്‍ ഏറ്റെടുക്കുമ്പോള്‍ വന്‍തോതിലുള്ള അഴിമതി നടന്നതായാണ് ആരോപണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..