ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ ചോദ്യങ്ങളുയര്‍ത്തി സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സോണിയ ഗാന്ധി ആരാഞ്ഞത്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലാകുമോ എന്നറിയാന്‍ രാജ്യത്തിന് താല്‍പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു.

'ഈ അവസാന ഘട്ടത്തില്‍ പോലും, പ്രതിസന്ധിയുടെ നിര്‍ണായകമായ പല വശങ്ങളെക്കുറിച്ച് അറിവില്ല, നമ്മള്‍ ഇരുട്ടിലാണ്‌. എപ്പോഴാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിച്ചത്?  സര്‍ക്കാരിന് എപ്പോഴാണ് വിവരം ലഭിച്ചത്?

റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെ മെയ് 5ന് തന്നെയാണോ അതോ അതിനും മുന്‍പ് ചൈനീസ് അതിക്രമം നടന്നിരുന്നോ? ചൈനീസ് കടന്നുകയറ്റത്തെ സംബന്ധിച്ചുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നില്ലേ? അതിര്‍ത്തിയിലെ പ്രതിസന്ധി സര്‍ക്കാരിനെ യഥാസമയം അറിയിക്കുന്നതില്‍ മിലിട്ടറി ഇന്റലിജന്‍സിന് വീഴ്ച സംഭവിച്ചോ?  ചൈനീസ് അതിക്രമം അറിയാന്‍ വൈകിയോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സോണിയ പറഞ്ഞു. 

അതിര്‍ത്തിയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഫലപ്രദമായി ഇടപെടുന്നതില്‍ രാജ്യം പരാജയപ്പെട്ടെന്നും സോണിയ പറഞ്ഞു. പ്രതിരോധത്തിനായി എല്ലാ വഴികളും ഉപയോഗിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. അതിന്റെ ഫലമായി  20 ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മെയ് 5 മുതല്‍ ജൂണ്‍ 6 വരെ വളരെ വിലപ്പെട്ട സമയമാണ് നമുക്ക് നഷ്ടമായത്. ഏപ്രില്‍ മുതല്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്റെ എല്ലാ വസ്തുതകളും പങ്കുവെയ്ക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ്. ഏതുതരം ഭീഷണിയേയും നേരിടാന്‍ സൈന്യം തയ്യാറാവുന്നത് എങ്ങനെയാണ് എന്നതിന്റെ വിശദാംശങ്ങളറിയാനും താല്‍പര്യമുണ്ട്. 

അടുത്തത് എന്താണ്, എങ്ങനെയാണ് മുന്നോട്ട് പോവുന്നത്? അതിര്‍ത്തിയിലെ നിലവിലെ സാഹചര്യങ്ങള്‍ എന്താണെന്ന് അറിയാന്‍ താല്‍പര്യപ്പെടുന്നു. അതിര്‍ത്തിയിലെ പ്രതിസന്ധികളെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് എല്ലാ പിന്തുണകളും ഉറപ്പുനല്‍കുന്നുവെന്നും സോണിയ പറഞ്ഞു. 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പുറമേ ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ, ബിഎസ്പി നേതാവ് മായാവതി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 

Content Highlights: Sonia Gandhi At PM's All-Party Meet On Ladakh Clash, Ladakh Face Off