ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോട് ഡൽഹിയിൽ നിന്ന് മാറി താമസിക്കാന്‍ നിർദേശിച്ച് ഡോക്ടർമാർ. ശ്വാസകോശ അണുബാധയുള്ളതിനാൽ കുറച്ച് ദിവസത്തേക്ക് ഗോവയിലേക്കോ ചെന്നൈയിലേക്കോ മാറിനിൽക്കാനാണ് ഡോക്ടർമാരുടെ നിർദേശമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സോണിയ യാത്ര തിരിച്ചേക്കുമെന്നും രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ അവർക്കൊപ്പമുണ്ടാകുമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. ഡൽഹിയിലെ വായു മലിനീകരണം സോണിയയുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഡൽഹിയിൽ നിന്ന് മാറാനുള്ള നിർദേശമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ശ്വാസകോശ അണുബാധയെ തുടർന്ന് ജൂലായ് 30ന് സോണിയാ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റിൽ ആശുപത്രി വിട്ട ശേഷവും അവർ മരുന്നുകൾ തുടരുന്നുണ്ട്.സെപ്റ്റംബറിൽ മെഡിക്കൽ പരിശോധനയ്ക്കായി വിദേശത്തേക്കും പോയിരുന്നു.

content highlilghts:Sonia Gandhi advised to briefly move out of Delhi due to her chronic chest infection: Sources