Photo: PTI
ന്യൂഡല്‍ഹി:അധികാരം നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയര്‍പ്പിച്ച സംസ്ഥാനമായിരുന്നു. അവിടെ തകര്‍ന്ന് തരിപ്പണമായത് കോണ്‍ഗ്രസ് നേതൃത്വത്തെ ചെറുതല്ലാത്ത രീതിയില്‍ ഉലച്ചിട്ടുണ്ട്. അമരീന്ദര്‍ സിങ്ങിനെ മാറ്റിയത് തിരിച്ചടിയായെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്. 68 എംഎല്‍എമാര്‍ പരാതി പറയുമ്പോള്‍ എങ്ങനെയാണ് മാറ്റാതിരിക്കുകയെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. അമരീന്ദറിനെ മാറ്റിയത് വൈകിപ്പോയെന്നും അത് തന്റെ പിഴവാണെന്നും തുറന്ന് സമ്മതിക്കുകയാണ് കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി.
ഞായറാഴ്ച ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യം തുറന്ന് സമ്മതിച്ചത്. പാര്‍ട്ടിയിലെ ഉള്‍പ്പോരും ഒപ്പം അമരീന്ദര്‍ സിങ്ങിനെ മാറ്റിയതുമാണ് പഞ്ചാബിലെ തോല്‍വിക്ക് കാരണമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹരീഷ് ചൗധരി ഉന്നയിച്ചത്. തോല്‍വിക്ക് കാരണം ചരണ്‍ജിത് സിങ് ചന്നിയുടെയും സിദ്ദുവിന്റേയും നേതൃത്വമാണെന്നാണ് ചൗധരി പറഞ്ഞുവെച്ചത്. അതേസമയം അമരീന്ദറിനെ മാറ്റാന്‍ വൈകിയതാണ് തോല്‍വിക്ക് കാരണമെന്നാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവ് യോഗത്തില്‍ അഭിപ്രായപ്പെട്ടത്.
ഇതിന് മറുപടി പറഞ്ഞപ്പോഴാണ് സോണിയ ഗാന്ധി തനിക്ക് പറ്റിയ പിഴവ് ഏറ്റുപറഞ്ഞത്. കോണ്‍ഗ്രസില്‍ ക്യാപ്റ്റന്‍ എതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ എല്ലായിപ്പോഴും അദ്ദേഹത്തെ സംരക്ഷിച്ചിരുന്നുവെന്നും സോണിയ പറഞ്ഞു. അമരീന്ദറിനെ മാറ്റാന്‍ വൈകിപ്പോയെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് 2021 സെപ്റ്റംബറില്‍ അമരീന്ദറിനെ മാറ്റിയ ശേഷം ചന്നിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോകുകയും ഭരണവിരുദ്ധ വികാരം രൂക്ഷമാകുകയും ചെയ്തിരുന്നു.
തന്നെ മാറ്റിയതില്‍ പ്രതിഷേധിച്ച് അമരീന്ദര്‍ പാര്‍ട്ടി വിടുകയും പിന്നീട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യത്തിലാവുകയും ചെയതു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ക്യാപ്റ്റന്‍ പക്ഷേ ആം ആദ്മി സ്ഥാനാര്‍ഥിക്ക് മുന്നില്‍ അടിതെറ്റി. 19,873 വോട്ടുകള്‍ക്കായിരുന്നു പട്യാലയില്‍ അമരീന്ദറിന്റെ തോല്‍വി. 117 അംഗ നിയമസഭയില്‍ വെറും 18 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. 92 സീറ്റുകള്‍ നേടി എഎപി അധികാരത്തില്‍ എത്തുകയും ചെയ്തു.
Content Highlights: sonia gandhi admits as her fault for protecting amarinder singh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..